ന്യൂഡല്‍ഹി: അമേരിക്കന്‍ മിഷണറി ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം അവസാനിപ്പിക്കാന്‍ അധികൃതര്‍ക്ക് വിദiഗ്ദ്ധരുടെ നിര്‍ദ്ദേശം. ഗോത്ര വര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ ആണ് മൃതദേഹത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടത്. രണ്ട് കൂട്ടര്‍ക്കും അത്യന്തം അപകടമായിരിക്കും ഇതിന്റെ ഫലം എന്നു ചൂണ്ടിക്കാണിച്ചാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനായി നടത്തുന്ന ശ്രമങ്ങള്‍ സെന്റിനല്‍ ദ്വീപുകാര്‍ക്കും പുറത്ത് നിന്നുമെത്തുന്നവര്‍ക്കും ഒരുപോലെ ദോഷകരമാണെന്നും പകര്‍ച്ചവ്യാധിയോ മറ്റ് രോഗങ്ങളോ ദ്വീപിലെത്തിയാല്‍ ഒരു വംശം മുഴുവന്‍ നശിക്കുമെന്നും ചെറിയൊരു കോൺടാക്ട് തന്നെ അതിന് ധാരാളമാണെന്നും സംഘടനയുടെ ഡയറക്ടര്‍ സ്റ്റീഫന്‍ കോറി പ്രസ്താവനയിലൂടെ അറിയിച്ചു.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നവരാണ് സെന്റിനല്‍ ദ്വീപുകാര്‍. കഴിഞ്ഞ ആഴ്ച്ചയാണ് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി ചൗ ദ്വീപിലെത്തുന്നതും അദ്ദേഹത്തെ ഗോത്രവിഭാഗക്കാര്‍ അമ്പും വില്ലുമുപയോഗിച്ച് വധിക്കുന്നതും. പുറം ലോകത്തു നിന്നും അകന്ന് ജീവിക്കുന്ന ഇവര്‍ പുറമേ നിന്നും തങ്ങളുടെ ദ്വീപിലേക്ക് പ്രവേശിക്കുന്നവരെ വധിക്കുന്ന രീതി പിന്തുടരുന്നവരാണ്. 200 ല്‍ താഴെ മാത്രം വരുന്ന ദ്വീപുനിവാസികള്‍ പൂര്‍ണമായും പ്രാകൃത ശൈലിയില്‍ ജീവിക്കുന്നവരാണെന്നാണ് പഠന രംഗത്തുള്ളവര്‍ പറയുന്നത്.

ദ്വീപിലേക്ക് പോകുന്നത് ദോഷകരമായിരിക്കുമെന്നു നരവംശ ശാസ്ത്രജ്ഞരും ഈ രംഗത്തെ വിദഗ്ധരും പറയുന്നു. ഇനിയും ദ്വീപിനടുത്തേക്ക് പ്രവേശിച്ചാല്‍ അത് അവരെ കൂടുതല്‍ പ്രകോപിപ്പിക്കുകയും അക്രമകാരികളാക്കി മാറ്റുമെന്നും അങ്ങനെ സംഭവിച്ചാല്‍ അത് വലിയ അപകടത്തിലേക്ക് എത്തിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

കൂടാതെ സെന്റിനല്‍ ദ്വീപുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എഴുത്തുകാരും നരവംശശാസ്ത്രജ്ഞരുമായ പങ്കജ് സെഖ്‌സാരിയ, വിശ്വജിത് പാണ്ഡ്യ, മനീഷ് ചാന്ദി, മധുശ്രീ മുഖര്‍ജി, സീത വെങ്കടേശ്വര്‍ എന്നിവരും ദ്വീപിലേക്ക് പ്രവേശിക്കരുതെന്ന് അഭിപ്രായപ്പെടുന്നു.

അതേസമയം, വിദഗ്ധരുടെ അഭിപ്രായം മാനിക്കുമെന്നും ഏറ്റുമുട്ടലിന് വഴിയൊരുക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനായി പൊലീസ് ശ്രമിച്ചെങ്കിലും തീരത്ത് ആയുധധാരികളായ ഗോത്രവിഭാഗക്കാരെ കണ്ടതോടെ മടങ്ങുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook