ന്യൂഡൽഹി: വിവാദങ്ങളിൽ നിന്നും പ്രകോപനപരമായ പരാമർശങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ബിജെപി എംപിമാരോട് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദ. വികസന-അധിഷ്‌ഠിത രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം എംപിമാരോട് അഭ്യർഥിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം, ബജറ്റ് നിർദേശങ്ങൾ, അവരുടെ മണ്ഡലങ്ങളിലെ കായിക പ്രവർത്തനങ്ങൾ, സംഘടനാ പ്രവർത്തനങ്ങൾ എന്നിവയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാൻ നദ്ദ നേതാക്കളോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിൽ സർക്കാർ “പരസ്യം ചെയ്തു” എന്ന പ്രതിപക്ഷത്തിന്റെ വിമർശനം ബിജെപി എംപിമാരുടെ വെർച്വൽ മീറ്റിങ്ങിനെ അഭിസംബോധന ചെയ്യവെ നദ്ദ പരാമർശിച്ചു.
നമ്മുടെ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന പ്രതിപക്ഷത്തിന്റെ സമ്മതമാണ് അതെന്ന് നദ്ദ പറഞ്ഞതായി യോഗത്തിൽ പങ്കെടുത്തൊരാൾ പറഞ്ഞു. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എംപിമാരോട് നദ്ദ ആവശ്യപ്പെട്ടു. നോർത്ത് ഈസ്റ്റ് ഡൽഹി എംപി മനോജ് തിവാരിയെ മധ്യപ്രദേശിലെ ഭഗേശ്വർ ധാമിൽ ആൾദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയോടൊപ്പം കണ്ടതിനെ തുടർന്ന് അടുത്തിടെയുണ്ടായ വിവാദത്തെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.