അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയെ ഒഎൽഎക്സിൽ ‘വിൽക്കാൻ വച്ച’ സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങി ഗുജറാത്ത് പൊലീസ്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനെന്ന പേരിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റിയെ ഇ കൊമേഴ്സ് സേവനമായ ഒഎൽഎക്സിൽ വിൽപന വസ്തുവായി ചേർത്തത്. വ്യാജ പേരുള്ള അക്കൗണ്ടിൽ നിന്ന് പ്രത്യക്ഷപ്പെട്ട പരസ്യം പിന്നീട് നീക്കം ചെയ്തിരുന്നു.

30,000 കോടിയാണ് ഒഎൽഎക്സിലെ പരസ്യത്തിൽ പ്രതിമയ്ക്ക് വില പറഞ്ഞിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിനായി ആശുപത്രികൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വേണ്ടിയുള്ള പണം ലഭ്യമാക്കാനാണ് പ്രതിമ വിൽക്കുന്നതെന്നും ഇത് അടിയന്തര ആവശ്യമാണെന്നും പരസ്യത്തിൽ പറയുന്നു.  ഇത് സംബന്ധിച്ച് പ്രാദേശിക പത്രത്തിൽ വന്ന വാർത്ത ശ്രദ്ധയിൽ പെട്ട സ്റ്റാച്യു ഓഫ് യൂണിറ്റി അധികൃതർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Also Read: കോവിഡ് -19: വായുവിൽക്കൂടി പകരുമെന്നതിന് തെളിവില്ല- ഐസിഎംആർ

സർക്കാരിനെ ഇകഴ്ത്താൻ ലക്ഷ്യമിട്ട് അജ്ഞാതനായ വ്യക്തി സ്റ്റാച്യൂ ഓഫ് യൂണിറ്റി ഒഎൽഎക്സിൽ വിൽക്കാൻ വച്ചുവെന്ന് പരാതിയിൽ പറയുന്നു. ഓൺലൈൻ കമ്പോളമായ ഒഎൽഎക്സ്, അതിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ പരിശോധിച്ച് ശരിവയ്ക്കാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും സ്റ്റാച്യൂ ഓഫ് ലിബർട്ടി അധികൃതൃതർ അഭിപ്രായപ്പെടുന്നു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു, വ്യാജ രേഖ, വഞ്ചന തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട ഐപിസി 505, 417, 469 വകുപ്പുകൾ പ്രകാരം സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്ട്രർ ചെയ്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സർദാർ വല്ലഭ് ഭായി പട്ടേലിന്റെ സ്മാാരകമായി ഗുജറാത്തിലെ കേവദിയ കോളനിയിൽ നിർമിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു. കോവിഡ് രോഗബാധയെത്തുടർന്ന് മാർച്ച് 17 മുതൽ പ്രതിമയും പരിസരവും അടച്ചിട്ടിരിക്കുകയാണ്.

Read in English: Statue of Unity put up ‘for sale’ on OLX for COVID-19 donations, police probe underway

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook