scorecardresearch
Latest News

മദ്യം ഹോം ഡെലിവറി നൽകുന്നത് ആലോചിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ലോക്ക്‌ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്

മദ്യം ഹോം ഡെലിവറി നൽകുന്നത് ആലോചിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യം ഹോം ഡെലിവറി നൽകുന്നത് ആലോചിക്കണമെന്ന് സുപ്രീം കോടതി. ഹർജിയുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും ഇറക്കുന്നില്ലെന്നും എന്നാൽ, സംസ്ഥാനങ്ങൾ ഇതേ കുറിച്ച് ആലോചിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾ ലംഘിക്കാതെയും മദ്യം ഹോം ഡെലിവറിയായി നൽകുന്ന കാര്യം ആലോചിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു.

ലോക്ക്‌ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധവും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാൽ, ഹർജി സുപ്രീം കോടതി തള്ളി. പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഇപ്പോൾ മദ്യശാലകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. മദ്യശാലകൾ തുറക്കുമ്പോൾ സാമൂഹിക അകലം ലംഘിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് കോടതി നിർദേശിച്ചത്.

Read Also: ലോക്ക്‌ഡൗണ്‍: ഈ വർഷം ഇന്ത്യയിൽ രണ്ട് കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്ന് യുനിസെഫ്, ലോകത്ത് 11 കോടിയിലേറെ

അതേസമയം, മദ്യവിതരണത്തിന് തയ്യാറായി ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ രംഗത്തെത്തിയിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാൻ തയ്യാറാണെന്ന് കാണിച്ച് സൊമാറ്റോ അപേക്ഷ നൽകി. ആദ്യഘട്ടമായി ഇന്റർനാഷണൽ സ്‌പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്‌ക്കാണ് സൊമാറ്റോ ശുപാർശ നൽകിയിരിക്കുന്നത്. രാജ്യം സമ്പൂർണ അടച്ചുപൂട്ടലിൽ ആയതിനാൽ മദ്യം വീടുകളിലെത്തിക്കാനുള്ള സജ്ജീകരണത്തെ കുറിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതിനിടെയാണ് സൊമാറ്റോ രംഗത്തെത്തിയത്.

സമ്പൂർണ അടച്ചുപൂട്ടൽ തുടങ്ങിയതിനു പിന്നാലെ ചിലയിടത്ത് പച്ചക്കറി വിതരണവും സൊമാറ്റോ ഏറ്റെടുത്തിരുന്നു. ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സൊമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ സ്‌പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.

Read Also: ഭർത്താവിനും മകനുമൊപ്പം ഉറങ്ങുകയായിരുന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു

മദ്യം വീട്ടുപടിക്കലെത്തിക്കാനുള്ള നടപടികൾ ഛത്തീസ്‌ഗഡ് സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക വെബ് പോർട്ടലും സർക്കാർ ആരംഭിച്ചു. ഛത്തീസ്‌ഗഡ് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഹോം ഡെലിവറിയുടെ ചുമതല വഹിക്കുക. മാർച്ച് 23 നു അടച്ച മദ്യശാലകൾ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പൂർത്തിയായ മേയ് മൂന്ന് തിങ്കളാഴ്‌ച വീണ്ടും തുറന്നത്. എന്നാൽ, പൊലീസിന് തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് മദ്യശാലകൾക്ക് മുൻപിൽ വരി നിന്നത്.

സംസ്ഥാനത്തെ ഗ്രീൻ സോണുകളിൽ മദ്യവിൽപ്പന ഓൺലൈനായി നടക്കും. മൊബൈൽ വഴി ഓൺലൈനായി മദ്യം ഓർഡർ ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്ന് സിഎസ്എംസിഎൽ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. മൊബൈൽ നമ്പർ, ആധാർ നമ്പർ, മദ്യം എത്തിക്കേണ്ട സ്ഥലം എന്നിവയെല്ലാം ഓർഡർ ചെയ്യുമ്പോൾ പൂരിപ്പിക്കണം. ഒരാൾക്ക് അഞ്ച് ലിറ്റർ മദ്യം വരെ ഓൺലൈനായി ഓർഡർ ചെയ്യാം. ഡെലിവറി ചാർജ് 120 രൂപയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: States should consider home delivery of liquor during lockdown supreme court