ന്യൂഡൽഹി: കാർഷിക വായ്പകൾ എഴുതിത്തളളുന്നവർ അതിനുളള ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിന് കേന്ദ്ര സഹായം നല്‍കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള തുകയും സ്വന്തമായി കണ്ടെത്തണം. ഇതിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നൽകില്ല. ഈ വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.

മഹാരാഷ്ട്ര സർക്കാർ കാർഷിക വായ്പകൾ എഴുതി തളളാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ 1.36 കോടി കർഷകരുടെയും കാർഷിക വായ്പ എഴുതിത്തളളാൻ സർക്കാർ തീരുമാനിച്ചതായാണ് വിവരം. യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിനു പിന്നാലെ ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിൽ 36,000 കോടിരൂപയുടെ കാര്‍ഷിക വായ്പകൾ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തിനുപിന്നാലെ ഇതേ ആവശ്യം മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പഞ്ചാബിലും കർഷകർ ഉയർത്തിയിരുന്നു. തമിഴ്നാട്ടിലും ഇതേ ആവശ്യം ഉന്നയിച്ച് കർഷകർ തെരുവിലിറങ്ങിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ