/indian-express-malayalam/media/media_files/uploads/2021/06/corbevax22.jpeg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗജന്യ വാക്സിന്‍ പ്രഖ്യാപനത്തിന് പിന്നാലെ 44 കോടി വാക്സിന്‍ ഡോസുകള്‍ക്ക് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കി ആരോഗ്യമന്ത്രാലയം. ഇതില്‍ 25 കോടി ഡോസുകള്‍ കോവിഷീല്‍ഡും 19 കോടി കോവാക്സിനുമായിരിക്കും. ഓര്‍ഡറിന്റെ 30 ശതമാനം തുകയും നിര്‍മാതാക്കള്‍ക്ക് നല്‍കിയതായി കേന്ദ്രം വ്യക്തമാക്കി.
വാക്സിനേഷന്‍ പ്രക്രിയ കൂടുതല്‍ വിപുലീകരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും റജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഇന്നലെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി, വിശദ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ നല്‍കും.
"ഉള്‍പ്രദേശങ്ങളിലും മറ്റുമായി വാക്സിനേഷന്‍ വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ വിഭാഗങ്ങളുടെ റജിസ്ട്രേഷന്‍ പ്രധാനമാണ്. വലിയ തോതില്‍ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി പൊതു സേവന കേന്ദ്രങ്ങളും കോള്‍ സെന്ററുകളും ഉപയോഗിക്കാവുന്നതാണ്," രാജ്യത്തെ കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ ഡോ. വി.കെ.പോള്‍ വ്യക്തമാക്കി.
Also Read: 18 വയസ്സ് കഴിഞ്ഞവർക്കുള്ള സൗജന്യ വാക്സിനേഷൻ: സംശയങ്ങൾക്കുള്ള മറുപടികൾ അറിയാം
വരും മാസങ്ങളിലെ വാക്സിന്‍ വിതരണം പദ്ധതിയെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ഓഗസ്റ്റ് മുതല്‍ ഇന്ത്യയ്ക്ക് 74 കോടി അധിക ഡോസുകള്‍ ലഭ്യമാക്കും. ബയോളജിക്കൽ ഇയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരിക്കുന്ന 30 കോടി വാക്സിന്‍ ഉള്‍പ്പടെയാണിത്. ജൂലൈ വരെ 53.6 കോടി വാക്സിന്‍ ഡോസുകളാണ് നമ്മുടെ പക്കലുള്ളത്. ഇതെല്ലാം നേരത്തെ ഓര്‍ഡർ നല്‍കിയവയാണ്. എത്ര ഡോസ് വച്ച് നല്‍കാനാകുമെന്നതില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാതാക്കളോട് അവശ്യപ്പെട്ടതായും ഡോ.പോള്‍ വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവര്‍ എന്നിവര്‍ക്കായിരിക്കും പുതിയ വാക്സിന്‍ നയത്തില്‍ മുന്‍ഗണന ലഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
"ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികള്‍ക്കും കുത്തിവയ്പ് നൽകുന്നതിലെ മുന്‍ഗണന തുടരും. പ്രത്യേകിച്ചും, അവരുടെ രണ്ടാമത്തെ ഡോസിനാണ് പ്രാധാന്യം. 45 വയസിനു മുകളിലുള്ള പൗരന്മാർക്ക് മുൻഗണനയുണ്ടെന്നതില്‍ സംശയമില്ല. ഈ പ്രായത്തിലുള്ളവരിലാണ് മരണനിരക്ക് വര്‍ധിക്കുന്നത്. 18-44 വയസിനിടയിലുള്ളവരുടെ മുന്‍ഗണന തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്," ഡോ.പോള്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us