ന്യൂഡൽഹി: പനി, ജലദോഷം, ചുമ എന്നിവയ്‌ക്കായി മരുന്നുകൾ വാങ്ങുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ എന്നിവ രേഖപ്പെടുത്താൻ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും തെലങ്കാന, ആന്ധ്രാപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങൾ നിർദേശം നൽകി. പ്രതിദിന പട്ടിക ശേഖരിച്ച് ആന്ധ്ര, തെലങ്കാന സർക്കാരുകൾ ആളുകളെ കണ്ടെത്തുമെന്നും കോവിഡ് പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങളെ മൂടിവയ്ക്കുന്നതിനോ പരിശോധനയ്ക്ക് വിധേയരാകാതിരിക്കുന്നതിനോ 14 ദിവസം ക്വാറന്റൈൻ ചെയ്യുന്നതിനോ അല്ലെങ്കിൽ രോഗവുമായി ബന്ധപ്പെട്ട സാമൂഹിക ഭയത്തെ നേരിടുന്നതിനോ നിരവധി ആളുകൾ പാരസെറ്റമോൾ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതായി ആശങ്കയുണ്ട്. ജലദോഷത്തെ തുടർന്ന് സ്വന്തം തീരുമാനപ്രകാരം മരുന്ന് കഴിച്ച പലരിലും പിന്നീട് വൈറസ് സ്ഥിരീകരിച്ചതായി തെലങ്കാന സർക്കാർ പറയുന്നു.
Read More: Covid-19 Live Updates: ഇന്ത്യയിൽ 507 മരണം, 15,708 രോഗബാധിതർ
തെലങ്കാനയിലെ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസന വകുപ്പ് എല്ലാ മുനിസിപ്പൽ കമ്മീഷണർമാരോടും കലക്ടർമാരോടും മെഡിക്കൽ ഷോപ്പ് ഉടമകളുമായും ഫാർമസിസ്റ്റുകളുടെ സംഘടനയുമായും അടിയന്തര യോഗം വിളിക്കാനും ഈ മരുന്നുകൾ വാങ്ങുന്നവരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ ശേഖരിക്കാനും നിർദേശം നൽകാൻ വെള്ളിയാഴ്ച പുറത്തിറക്കിയ മെമ്മോയിൽ പറയുന്നു. ആളുകളോട് അവരുടെ നന്മയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് പറയാനും ആവശ്യപ്പെടുന്നു.
പനിയുള്ളവരുടേയും രോഗ ലക്ഷണങ്ങൾ ഉള്ളവരുടേയും വിവരങ്ങൾ എടുത്തുവയ്ക്കുന്നത് വളരെ അത്യാവശ്യമാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടെങ്കിലും പരിശോധനയ്ക്ക് വിധേയരാകാൻ വിമുഖതയുള്ളവരെ സഹായിക്കാനായി രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിൽ ആന്ധ്രയിൽ കോവിഡ് -19 കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്.
പൂനെയിൽ ചുമ, പനി, തുമ്മൽ, ശ്വസന സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ വരുന്നവരുടെ രേഖകൾ സൂക്ഷിക്കാൻ എല്ലാ മെഡിക്കൽ ഷോപ്പുകൾക്കും പൊലീസ് നിർദേശം നൽകി. ഈ വിവരങ്ങൾ എല്ലാ ദിവസവും രാത്രി 8 മണിയോടെ വാട്സാപ്പ് വഴി കൈമാറണം. മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം പൂനെ സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണർ രവീന്ദ്ര ഷിസാവെ ഇക്കാര്യത്തിൽ ഉത്തരവിറക്കി.
ഇത്തരം ഉപഭോക്താക്കളുടെ രേഖകൾ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാൻ ബഹാർ ആരോഗ്യ വകുപ്പ് മെഡിക്കൽ ഷോപ്പുകളോട് ആവശ്യപ്പെട്ടു. സിവാൻ, മുൻഗെർ, ബെഗുസാരായി, നവാഡ എന്നിങ്ങനെ നാല് ഹോട്ട്സ്പോട്ടുകളുള്ള ബിഹാറിൽ, ചുമ, പനി, ശ്വസന പ്രശ്നങ്ങൾ എന്നിവയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആശ വർക്കേഴ്സിന് നിർദേശം നൽകി.
Read in English: States ask shops to keep records of those buying fever, cold drugs