ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യത്തിനു നേരെയുള്ള കല്ലേറിനെ പ്രതിരോധിക്കാൻ മനുഷ്യകവചമാക്കി ഉപയോഗിച്ച ഫാറൂഖ് അഹമ്മദ് ദറിന് കശ്മീർ സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സേനയ്ക്ക് നിർദ്ദേശം നൽകാനുളള അധികാരം തങ്ങള്‍ക്കില്ലെന്നും അത്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടതെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ബിലാൽ നസ്കി പറഞ്ഞു.

‘ജീവിതത്തില്‍ ഇന്നേ വരെ കല്ലേറ് നടത്തിയിട്ടില്ല’; സൈന്യം തന്നെ കെട്ടിയിട്ട് ഒമ്പത് ഗ്രാമങ്ങളിലൂടെ പരേഡ് നടത്തിയെന്നും ഫറൂഖ് അഹമ്മദ്

ഏപ്രില്‍ 9ന് ബുദ്ഗാമില്‍വെച്ചാണ് കരസേനയുടെ ജീപ്പിന് മുന്നില്‍ അഹമ്മദ് ദര്‍ എന്ന 26കാരനെ കെട്ടിവച്ച് കശ്മീരിലെ വിവിധ ഗ്രാമങ്ങളിലൂടെ സൈനികർ സഞ്ചരിച്ചത്. സേനയ്ക്കുനേരെയുള്ള കല്ലേറ് തടയാനായാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും സൈന്യം പിന്നീട് വിശദീകരിച്ചു. സേനയുടെ പ്രവൃത്തിയെ ന്യായീകരിച്ച് മേജർ ഗൊഗോയിയും കരസേനാ മോധാവിയും നേരത്തേ രംഗത്തെത്തിയിരുന്നു.

ബുദ്ഗാമിലെ ഗുണ്ടിപ്പോറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ എടുത്തിരിക്കുന്നത്. കശ്മീരിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് പിന്നിൽ സൈനികർക്കും പങ്കുണ്ടെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി ഒമർ​ അബ്ദുള്ളയാണ് വീഡിയോ പുറത്തുവിട്ടത്. ശ്രീനഗര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിനിടെയാണ് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ദറിനെ സൈന്യം പിടിച്ചുകെട്ടിയത്.

“വീട്ടില്‍ നിന്നും 17 കി.മി. ദൂരെയുളള ഗാംപോരയിലാണ് ബന്ധുവിന്റെ വീട്. മോട്ടോര്‍ സൈക്കിള്‍ ഉത്ലിഗാമില്‍ എത്തിയപ്പോഴാണ് സ്ത്രീകള്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തുന്നത് കണ്ടത്. താന്‍ ബൈക്ക് നിര്‍ത്തി നോക്കി നിന്നപ്പോഴാണ് സൈന്യം തന്നെ മര്‍ദ്ദിച്ചതിന് ശേഷം പിടിച്ച് ജീപ്പില്‍ കെട്ടിയതെന്നും” ഫറൂഖ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ