തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും മന്ത്രിസഭായോഗത്തിൽ ധാരണയായി.

കഴിഞ്ഞ ദിവസമാണ് കാർഷിക ബില്ലുകൾ പാർലമെന്റ് പാസാക്കിയത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ലുകൾ പാസാക്കിയത്. പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്‌നങ്ങൾ ഉയർത്തുന്നവയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറുന്നവയാണ്. സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് നിയമ നിർമാണത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്‌തിരിക്കുന്നതെന്നും മന്ത്രിസഭായോഗത്തിൽ അഭിപ്രായമുയർന്നു.

Read Also: മോദിയുടെ യാത്രകൾ; അഞ്ച് വർഷത്തിനിടെ 58 രാജ്യങ്ങൾ, ചെലവ് 517 കോടി

കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാരെ രാജ്യസഭയിൽ നിന്നു നേരത്തെ സസ്‌പെൻഡ് ചെയ്‌തത് വലിയ വിവാദമായിരുന്നു. എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.

എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കുക, താങ്ങുവിലയിൽ താഴെ പണം കൊടുത്ത് സ്വകാര്യ കമ്പനികൾ കർഷകരിൽ നിന്നു ഉൽപ്പന്നങ്ങൾ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ പുതിയ ബിൽ കൊണ്ടുവരിക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശ അനുസരിച്ച് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ നിബന്ധനകൾ അംഗീകരിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്നലെ രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook