മുംബൈ: ബാങ്കിന്റെ ഓൺലൈൻ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി മുംബൈ നഗരമധ്യത്തിൽ കൊടുംകവർച്ച. നരിമാൻ പോയിന്റിലുളള സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന്റെ ശാഖയിൽ നിന്ന് 143 കോടി രൂപയാണ് മോഷണം പോയത്. സംഭവത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാങ്കിന്റെ സർവർ ഹാക്ക് ചെയ്താണ് പണം മോഷ്ടിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിലെ അനവധി അക്കൗണ്ടുകളിലെ പണം വിദേശത്തുളള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം ബാങ്ക് അധികൃതരാണ് പൊലീസിനെ അറിയിച്ചത്.

ബാങ്കിലെ ജീവനക്കാരുടെ അറിവോടെയാണോ തട്ടിപ്പ് നടന്നതെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. മൗറീഷ്യസിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ്. മൗറീഷ്യസ് സർക്കാരിന്റെ 20 ശതമാനം ബാങ്കിങ് ഇടപാടുകൾ ഈ ബാങ്കിലൂടെയാണ് നടത്തുന്നത്.

എന്നാൽ അക്കൗണ്ട് ഉടമകളുടെ പണം നഷ്ടമായിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഒക്ടോബർ രണ്ടിനാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. 14 ദശലക്ഷം ഡോളർ നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ബാങ്കിന്റെ പക്കൽ ആവശ്യത്തിന് പ്രവർത്തന മൂലധനമുണ്ടെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന് ഇന്ത്യയിൽ മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ രാമചന്ദ്രപുരത്തുമാണ് ശാഖകളുളളത്.

രാജ്യത്ത് കഴിഞ്ഞ ഒൻപത് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ ബാങ്ക് കവർച്ച നടക്കുന്നത്. ആഗസ്റ്റ് 9 നും പിന്നീട് 11 നും നടന്ന സൈബർ തട്ടിപ്പിലൂടെ പൂനെയിലെ കോസ്‌മോസ് ബാങ്ക് പ്രൈവറ്റ് ലിമിറ്റഡിന് 94.24 കോടി രൂപയാണ് നഷ്ടമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ