ന്യൂഡല്‍ഹി: രാജ്യത്ത് രൂക്ഷമായ കോവിഡ് രണ്ടാം തരംഗത്തിനു തൊട്ടുമുന്‍പ് പ്രത്യേക കോവിഡ് സെന്ററുകള്‍ അടച്ചുപൂട്ടിയത് നിരവധി സംസ്ഥാനങ്ങള്‍. രണ്ടാം തരംഗം രൂക്ഷമായ ഡല്‍ഹി, ഉത്തര്‍പദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച നാല് താല്‍ക്കാലിക ആശുപത്രികള്‍, ഒന്നാം തരംഗത്തിനൊടുവില്‍ പ്രതിദിന കേസുകള്‍ ഇരുന്നൂറില്‍ താഴെയായതിനാല്‍ ഫെബ്രുവരിയില്‍ പൂട്ടി. ഇവ ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കേണ്ട സാഹചര്യമാണ്. കഴിഞ്ഞ വര്‍ഷം കുറഞ്ഞത് മൂന്ന് വ്യത്യസ്ത തരംഗമുണ്ടായ ഒരേയൊരു നഗരം ഡല്‍ഹിയായിരുന്നു. ഒരു ദിവസം 8,500 ല്‍ അധികം പോസിറ്റീവ് കേസുകള്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന കണക്കില്‍ രാജ്യത്തെ ഏതു നഗരത്തേക്കാളും ഉയര്‍ന്ന സംഖ്യയായിരുന്നു ഇത്. ആശുപത്രി കിടക്കകള്‍ കണ്ടെത്താന്‍ രോഗികള്‍ ബുദ്ധിമുട്ടുന്ന നിലവിലെ സാഹചര്യത്തിന് സമാനമായിരുന്നു അന്നത്തെ സ്ഥിതി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നാല് താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
ഇതില്‍ ഏറ്റവും വലുത് ഛത്തര്‍പൂരിലെ ഐടിബിപി നടത്തുന്ന പതിനായിരത്തിലധികം രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ആശുപത്രിയായിരുന്നു. കുറഞ്ഞത്, 1,000 കിടക്കകള്‍ക്ക് ഓക്‌സിജന്‍ സംവിധാനമുണ്ടായിരുന്നു. ധൗയ ക്വാനിലും കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലും ചെറിയതോതില്‍ സൗകര്യങ്ങള്‍ സ്ഥാപിച്ചിരുന്നു. ഡല്‍ഹിയില്‍ ഇപ്പോള്‍ ദിവസം ഇരുപത്തി അയ്യായിരത്തോളം കേസുകളാണു റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രി കിടക്കകളും ഓക്‌സിജന്‍ സഹായവും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പരാതികള്‍ക്കിടയില്‍ താല്‍ക്കാലിക ആശുപത്രികള്‍ വീണ്ടും തുറക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസമായി മുന്നൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രണ്ടാം തരംഗത്തില്‍ കര്‍ണാടകയില്‍ ഇരുപത്തി അയ്യാരത്തിലധികം പുതിയ കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവയുടെ മൂന്നില്‍ രണ്ട് ഭാഗവും ബെംഗളൂരുവിലാണ്. മരണസംഖ്യ 200 കവിഞ്ഞു. ആദ്യ തരംഗത്തിലും ഏറ്റവും കുടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണു കര്‍ണാടക. ഒന്നും രണ്ടും തരംഗങ്ങള്‍ക്കിടയിലുള്ള മാസങ്ങളില്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വെന്റിലേറ്ററുകളുള്ള 18 ഐസിയു കിടക്കകള്‍ മാത്രമേ സ്ഥാപിക്കാന്‍ കഴിഞ്ഞുള്ളൂ.
Also Read: സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ തുടരാന്‍ സാധ്യത; സര്‍വകക്ഷി യോഗം ഇന്ന്
കോവിഡ് -19 രോഗികള്‍ക്കായി ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ 117 ഐസിയു വെന്റിലേറ്റര്‍ കിടക്കകളാണുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നാല്‍പ്പത്തി ഏഴും മറ്റ് 13 സര്‍ക്കാര്‍ ആശുപത്രികളില്‍ എഴുപതും. കേന്ദ്ര സഹായത്തോടെ ഈ എണ്ണം മുന്നൂറായി ഉയരുമായിരുന്നു. എന്നാല്‍ നവംബര്‍ മുതല്‍ ജനുവരി വരെ കേസുകളുടെ എണ്ണം കുറഞ്ഞതോടെ അലംഭാവമുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളുള്ള 117 ഐസിയുവുകളും സ്വകാര്യ ആശുപത്രികളില്‍ സമാനമായ 217 കിടക്കകളും കഴിഞ്ഞ ഒരാഴ്ചയായി ഒഴിവില്ലെന്നതാണു ഫലം.
പരമാവധി കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശ് ഇക്കാര്യത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടടുത്താണ്. ശനിയാഴ്ച, 38,000 ത്തോളം കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ തരംഗത്തിലെ ഏറ്റവും ഉയര്‍ന്നതിന്റെ അഞ്ചിരട്ടി. അക്കാലത്ത് 500 ലധികം ആശുപത്രികളില്‍ 1.5 ലക്ഷം കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാനം അവകാശപ്പെട്ടിരുന്നു.
മൂന്നുപാളി സമ്പ്രദായത്തില്‍, എല്‍ -3 എന്ന് നാമകരണം ചെയ്തിട്ടുള്ള 25 ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍, ഐസിയു, ഡയാലിസിസ് ക്രമീകരണം എന്നിവയുള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. 48 മണിക്കൂര്‍ ഓക്‌സിജന്‍ സൗകര്യമുള്ളതാണു നാനൂറോളം ആശുപത്രികള്‍ ഉള്‍പ്പെട്ട ആദ്യ പാളിയായ എല്‍ -1. കുറഞ്ഞത് 75 ആശുപത്രികളെയെങ്കിലും എല്‍ -2ല്‍ ഉള്‍പ്പെടുത്തി. ഓക്‌സിജന്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള നിരവധി കിടക്കകളുള്ളതാണ് ഈ വിഭാഗം
എന്നാല്‍ ഫെബ്രുവരി രണ്ടിനു കോവിഡ് 19 കേസുകള്‍ കുറയുന്നത് തുടരുന്നതിനിടെ, 83 ആശുപത്രികളൊഴികെ (15 എല്‍ -3, 68 എല്‍ -2) വ സര്‍ക്കാര്‍ കോവിഡ് ആശുപത്രികളല്ലാതാക്കി മാറ്റി. ഇവയില്‍ 17,235 കിടക്കകളാണുള്ളത്, അതില്‍ 7,023 പേര്‍ക്ക് ഓക്‌സിജന്‍ ലഭിക്കാനുള്ളതും 1,342 പേര്‍ക്ക് വെന്റിലേറ്റര്‍ പിന്തുണയുമുണ്ടായിരുന്നു. രണ്ടാം തരംഗത്തില്‍ കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയപ്പോള്‍, മാര്‍ച്ച് 31 ന് 45 ആശുപത്രികളെ കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്കായി വീണ്ടും മാറ്റി. ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 25,000 ആയി.
ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് ഉയര്‍ന്ന റെസല്യൂഷനുള്ള സിടി സ്‌കാന്‍ മെഷീന്‍ ഇല്ല. ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചതിനുശേഷം ഇപ്പോള്‍ സംഭരിക്കുന്നു.
Also Read: രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കും; പിഎം കെയർ ഫണ്ട് അനുവദിച്ചു
സമാനമായ സാഹചര്യമാണു ജാര്‍ഖണ്ഡിലും. ഓരോ ജില്ലയിലും ഒരു ആശുപത്രിയെ സമര്‍പ്പിത കോവിഡ് സൗകര്യമായി സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. പ്രധാന പട്ടണങ്ങളായ റാഞ്ചി, ധന്‍ബാദ്, ബൊക്കാരോ, ജംഷദ്പൂര്‍ എന്നിവിടങ്ങളിലെ പന്ത്രണ്ട് സ്വകാര്യ ആശുപത്രികളെയും സമാനമായ സൗകര്യങ്ങളാക്കി മാറ്റി. സര്‍ക്കാരില്‍നിന്നു ചികിത്സാ തുക ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആശുപത്രികള്‍ പരാതിപ്പെട്ടിരുന്നു, എന്നാല്‍ ഈ അധികസൗകര്യങ്ങള്‍ നിരവധി ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു. ഈ വര്‍ഷം, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്താത്തതിനാല്‍ കിടക്കകളുടെ ദൗര്‍ലഭ്യം ഉണ്ടാകുന്നു.
കോവിഡ് രോഗികളിലെ ശ്വാസകോശ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സാധാരണ ഉപകരണമായ സിടി സ്‌കാന്‍ മെഷീന്‍ പോലും റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലില്ല. ഒരു യന്ത്രം വാങ്ങുന്നതിനുള്ള പ്രക്രിയ ആരംഭിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യമായി വന്നു.
ബിഹാറില്‍ ഡോക്ടര്‍മാരുടെയും മറ്റ് യോഗ്യതയുള്ള മെഡിക്കല്‍ സ്റ്റാഫുകളുടെയും കുറവ് നേരിടുകയാണ്. ഡോക്ടര്‍മാരുടെ അയ്യായിരത്തോളം ഒഴിവുകളാണുള്ളത്. ഈ പകര്‍ച്ചവ്യാധി സമയത്ത് പോലും അവ നികത്താന്‍ കഴിഞ്ഞില്ല. ആദ്യ തരംഗത്തില്‍ സര്‍ക്കാര്‍ സൗകര്യങ്ങളില്‍ കുറഞ്ഞത് 10 വെന്റിലേറ്ററുകള്‍ വീതം സജ്ജമാക്കണമെന്ന് ജില്ലകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 38 ജില്ലാ ആശുപത്രികളില്‍ പത്തെണ്ണത്തില്‍ മാത്രമേ അഞ്ചില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ ഉള്ളൂ. സംസ്ഥാനത്തിന് ഓക്‌സിജന്‍ പ്ലാന്റ് ഇല്ല. ഓക്‌സിജന്‍ വിതരണത്തിനായി അയല്‍സംസ്ഥാനമായ ജാര്‍ഖണ്ഡിനെയാണു ബിഹാര്‍ ആശ്രയിക്കുന്നത്.