മുംബൈ: കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും നിര്‍ണായക പങ്കുണ്ടെന്ന കാര്യം നമുക്ക് അറിയാം. എന്നാല്‍ പ്രസവാവധി സ്ത്രീകള്‍ക്ക് മാത്രം നല്‍കി ഇക്കാര്യം പലപ്പോഴും നമ്മള്‍ അവഗണിക്കാറാണ് പതിവ്. എന്നാല്‍ പുരുഷന്മാര്‍ക്കും ശമ്പളത്തോട് കൂടി മൂന്ന് മാസക്കാലം പ്രസവാവധി നല്‍കി പതിവ് തിരുത്തുകയാണ് മുംബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്‌സ്.

മൂന്നുമാസം ശമ്പളത്തോടു കൂടിയാണ് അവധി. വിദേശത്ത് പല കമ്പനികളും ഇത്തരത്തില്‍ പുരുഷന്മാര്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയും മാസം ശമ്പളത്തോടു കൂടി അവധി.
പുരുഷന്മാര്‍ക്ക് പ്രസവാനുബന്ധ അവധി ഈ വര്‍ഷം മൈക്രോസോഫ്റ്റ് ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു. കമ്മിന്‍സ് ഇന്ത്യയും ഒരു മാസം അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് പല കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ട്. എന്നാല്‍ 10 മുതല്‍ രണ്ട് ആഴ്ച്ച വരെ മാത്രമാണ് കമ്പനികള്‍ ലീവ് അനുവദിക്കാറുളളത്.

തങ്ങളുടെ ജീവനക്കാരോടുളള കടപ്പാട് ഇത്തരത്തില്‍ കാണിക്കാനാവുന്നത് സന്തോഷമുളള കാര്യമാണെന്ന് സെയില്‍സ് ഫോഴ്‌സ് എംപ്ലോയി സക്‌സസ് ഇന്ത്യ ഡയറക്ടര്‍ ജ്ഞാനേഷ് കുമാര്‍ പറഞ്ഞു. അച്ഛനാകുക എന്നത് വലിയ ഉത്തരവാദിത്തമുളള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം ഇല്ലാതെ കുടുംബത്തിനായി ലീവ് എടുക്കേണ്ടി വരുന്നത് ജീവനക്കാരെ സംബന്ധിച്ച് സാമ്പത്തിക ഞെരുക്കത്തിന് കാരണമാവാറുണ്ട്.

കുഞ്ഞിന്റെ ജനനശേഷം ഇത്തരത്തില്‍ ശമ്പളത്തോട് കൂടി അവധി കിട്ടുന്നത് മാതാപിതാക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ്. ആഗോളഭീമന്മാരായ സെയില്‍സ് ഫോഴ്സിന് ലോകത്താകമാനം 25,000 ജീവനക്കാരാണുളളത്. ഇന്ത്യയില്‍ ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് കമ്പനിക്ക് ഓഫീസുകളുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ