ന്യൂഡൽഹി: തന്നെ ആദരിക്കാൻ ഏപ്രിൽ 12 ഞായറാഴ്‌ച വെെകീട്ട് അഞ്ചിനു അഞ്ച് മിനിറ്റുനേരം എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ ആദരിക്കുന്നതിന്റെ ഭാഗമായി അഞ്ച് മിനിറ്റ് എഴുന്നേറ്റുനിൽക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശത്തോട് പ്രധാനമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചു.

തന്നെ ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നതിനുവേണ്ടി ആരോ നടത്തുന്ന പ്രചാരണമാണ് ഇതെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ചിലപ്പോൾ ഇങ്ങനെയൊരു പദ്ധതി മുന്നോട്ടുവച്ച ആൾ/സമൂഹം നല്ല ഉദ്ദേശത്തോടു കൂടിയായിരിക്കും ഇത് പ്രചരിപ്പിച്ചത്. എന്നാൽ, അതിനുപകരം ഒരു ദരിദ്ര കുടുംബത്തെ ഏറ്റെടുക്കാൻ നിങ്ങൾ മുന്നോട്ടുവന്നാൽ അതായിരിക്കും തനിക്കു ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ ആദരവ് എന്ന് മോദി പറഞ്ഞു.

Read Also: കോവിഡ്-19: ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കില്ല, പകരം പിഴ

“നിങ്ങൾക്ക് യഥാർഥത്തിൽ മോദിയോട് സ്‌നേഹമുണ്ടെങ്കിൽ, മോദിയെ ആദരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ദരിദ്ര കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക. പ്രത്യേകിച്ച് കൊറോണ വെെറസ് പ്രതിസന്ധിയുടെ കാലത്ത്,” മോദി ട്വീറ്റ് ചെയ്‌തു.

 തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന് വേണ്ടി ആരോ ഒപ്പിച്ച പരിപാടിയാണിതെന്ന് മോദി പറയുന്നു. 'മോദിയെ അഭിനന്ദിക്കാൻ അഞ്ചു മിനിറ്റ് എഴുന്നേറ്റ് നിൽക്കണമെന്ന സന്ദേശം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മോദിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള കുസൃതിയായാണ് തോന്നുന്നത്.' അദ്ദേഹം ട്വിറ്ററിൽ കുറിക്കുന്നു. മോദിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

അഞ്ച് മിനിറ്റ് എഴുന്നേറ്റുനിന്ന് തനിക്ക് ആദരം അർപ്പിക്കണമെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടെന്ന് മോദി പറഞ്ഞു. ഒറ്റനോട്ടത്തിൽ തന്നെ പരിഹാസ്യനാക്കാനുള്ള നീക്കമായാണ് ഇത് തോന്നിയതെന്നും അദ്ദേഹം കുറിച്ചു. ഏപ്രിൽ 12 ഞായറാഴ്‌ച അഞ്ച് മിനിറ്റ് സമയം പ്രധാനമന്ത്രിക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളിൽ സന്ദേശം പ്രചരിക്കുന്നത്. ഇതിന്റെ ഉറവിടം ഏതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Read Also: അതിഥി തൊഴിലാളികൾക്ക് സ്‌മൃതി ഭക്ഷണമെത്തിച്ചോ? പ്രതികരിച്ച് മുഖ്യമന്ത്രി

നേരത്തെ കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാത്രം കൊട്ടി ശബ്ദമുണ്ടാക്കാനും വീടുകളിൽ ലെെറ്റുകൾ അണച്ച് വിളക്ക് കത്തിക്കാനും മോദി ആഹ്വാനം ചെയ്‌തിരുന്നു. ഇതിനെതിരെ നിരവധി ട്രോളുകളും പരിഹാസങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അതേസമയം, കോവിഡ് വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പിലാക്കിയ അടച്ചുപ്പൂട്ടൽ ഇനിയും തുടരുമെന്നാണ് മോദി നൽകുന്ന സൂചന. വിവിധ സംസ്ഥാനങ്ങൾ അടച്ചുപ്പൂട്ടൽ തുടരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook