ന്യൂഡല്‍ഹി : സിനിമാ തിയേറ്ററിലും പൊതു ഇടങ്ങളിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞതിന് പിന്നാലെ അത് പരിശോധിക്കാന്‍ ഒരു മന്ത്രിതല സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ദേശീയ ഗാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇത് അറിയിക്കുന്നത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ചൊവ്വാഴ്ച ഈ കേസ് പരിഗണിക്കാനിയിക്കുകയാണ്.
2016 നവംബര്‍ 30നാണ് രാജ്യവ്യാപകമായി തിയേറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം ആലപിക്കണം എന്നും എല്ലാവരും “എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം” എന്നും സുപ്രീംകോടതി വിധിക്കുന്നത്.
എന്നിരുന്നാലും ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഒക്ടോബറില്‍ നടത്തിയ ചില നിരീക്ഷണങ്ങളില്‍ ഇതിന് അയവുവരുത്തുന്നതായുള്ള ചില സൂചനകല്‍ നല്‍കിയിരുന്നു. “എന്തിനാണ് ജനങ്ങള്‍ അവരുടെ കുപ്പായകൈകളില്‍ ദേശസ്നേഹം പതിപ്പിക്കുന്നത്” എന്ന് കോടതി ആരാഞ്ഞിരുന്നു.