ഇസ്ലാമാബാദ്: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ പാക്കിസ്ഥാന് ഇടപെടേണ്ടതില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക്കിസ്ഥാന്. പാക് ടെക്നോളജി മന്ത്രിയായ ഫവാദ് ഹുസൈന് ചൗധരിയാണ് രാഹുലിന് മറുപടി നല്‍കിയത്. തന്റെ മുത്തച്ഛനെ പോലെ ഉറച്ച നിലപാടെടുക്കണമെന്നായിരുന്നു ഫവാദിന്റെ പ്രതികരണം.
”നിങ്ങളുടെ രാഷ്ട്രീയത്തിലെ പ്രധാന പ്രശ്നം ആശയക്കുഴപ്പമാണ്. യാഥാർഥ്യത്തോട് ചേര്‍ന്നു നില്ക്കുന്ന നിലപാടെടുക്കൂ, ഇന്ത്യയുടെ മതേതരത്വത്തിന്റേയും സ്വതന്ത്ര ചിന്തയുടേയും പ്രതീകമായ നിങ്ങളുടെ മുത്തച്ഛനെ പോലെ നിലപാടെടുക്കൂ” എന്നായിരുന്നു ഫവാദിന്റെ ട്വീറ്റ്.
ജമ്മു കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദമാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പല കാര്യങ്ങളിലും വിയോജിപ്പുണ്ടെന്നും, എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതില്‍ പാക്കിസ്ഥാനോ മറ്റ് രാജ്യങ്ങളോ ഇടപെടേണ്ടെന്നും രാഹുല്‍ പറഞ്ഞു.
Read More: കശ്മീരിലെ സംഘര്‍ഷങ്ങൾക്ക് കാരണം പാക്കിസ്ഥാൻ: രാഹുൽ ഗാന്ധി
‘പല പ്രശ്നങ്ങളിലും എനിക്ക് കേന്ദ്ര സര്‍ക്കാരിനോട് വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ്. അതില്‍ പാക്കിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. ആഗോള തലത്തില്‍ ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരില്‍ അക്രമങ്ങള്‍ നടക്കുന്നത്,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ശനിയാഴ്ച, രാഹുല്‍ ഗാന്ധിക്കൊപ്പം 12 പ്രതിപക്ഷ നേതാക്കളുടെ സംഘം കശ്മീരിലേക്ക് പോയിരുന്നു. എന്നാല്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് ഇവരെ തടയുകയും ഡല്‍ഹിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. താഴ്വരയിലെ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുലിനെ ക്ഷണിച്ചതിനെ തുടര്‍ന്നാണ് നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കാന്‍ പോയത്. എന്നാല്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ സംഘത്തെ തിരിച്ചയയ്ക്കുകയായിരുന്നു.