ന്യൂഡല്‍ഹി: ഭയവും ആശങ്കയുമില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമെന്ന് ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍ (ബിബിസി). ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ ‘സര്‍വേ’ പൂർത്തിയായതിനു പിന്നാലെയാണു പ്രതികരണം. ജീവനക്കാരുടെ ക്ഷേമത്തിനാണു തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ബിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു.
“ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍നിന്ന് പോയി. ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതു തുടരും. കാര്യങ്ങള്‍ എത്രയും വേഗം പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും രാത്രിയിലും ഓഫീസില്‍ തുടരേണ്ടി വന്ന തൊഴിലാളികള്‍ക്കു പിന്തുണ നല്‍കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു മടങ്ങിയെത്തിയിരിക്കുന്നു,” ബിബിസി വ്യക്തമാക്കി.
“ബിബിസി വിശ്വാസ്യതയുള്ള സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. ഭയമില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കും മാധ്യപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ഞങ്ങള്‍,” ബിബിസി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ജനുവരി 17-നു ബിബിസി റിലീസ് ചെയ്തതിനു പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ നടപടി.
ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ജനുവരി 20-നു തന്നെ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനും യൂട്യൂബിനും നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു രാജ്യത്തുടനീളം പ്രതിപക്ഷ യുവജന സംഘടനകള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.