ജയിലിൽ ഒരു സ്ട്രോയും വെള്ളം കുടിക്കാനുള്ള സിപ്പർ കപ്പും നൽകണമെന്ന 83 കാരനായ മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിയുടെ അഭ്യർഥന പ്രകാരം കോടതി ദേശീയ അന്വേഷണ ഏജൻസിയുടെ മറുപടി തേടി.

പാർക്കിൻസൺ രോഗം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഗാർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധങ്ങൾ ആരോപിച്ചുള്ള കേസിൽ അറസ്റ്റിലായ സ്വാമി വ്യാഴാഴ്ച പ്രത്യേക എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

ഒക്ടോബർ എട്ടിന് അറസ്റ്റിലായ ഇദ്ദേഹത്തെ മുംബൈക്ക് സമീപമുള്ള തലോജ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്

അറസ്റ്റിലായപ്പോൾ അദ്ദേഹത്തിൽ നിന്ന് പിടിച്ചെടുത്ത സ്ട്രോയും സിപ്പറും തിരികെ നൽകണമെന്ന് എൻ‌ഐ‌എയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള മുൻ അപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു.

പാർക്കിൻസൺസ് രോഗം കാരണം കൈ വഴങ്ങാത്തതിനാൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ടുള്ളതിനാൽ ഒരു സ്ട്രോയും സിപ്പറും ആവശ്യമാണെന്ന് സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു.

Father Stan Swamy is a Jesuit priest and a tribal rights activist based in Jharkhand.

ഈ വിഷയത്തിൽ മറുപടി നൽകാൻ എൻ‌ഐ‌എ 20 ദിവസം ആവശ്യപ്പെട്ടിരുന്നു.

സ്ട്രോയും സിപ്പറും പിടിച്ചുവച്ചിരിക്കുകയാണെന്ന വാദം ഏജൻസി വ്യാഴാഴ്ച നിഷേധിച്ചു. ഈ ഉപകരണങ്ങളും ശൈത്യകാല വസ്ത്രവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമിയുടെ അഭിഭാഷകൻ ഷെരീഫ് ഷെയ്ഖ് പുതിയ ഹർജി സമർപ്പിച്ചിട്ടുണ്ട്.

രണ്ട് അപേക്ഷകൾക്കും മറുപടി നൽകാൻ പ്രത്യേക എൻ‌ഐ‌എ ജഡ്ജി ഡി ഇ കോത്താലിക്കർ ജയിൽ അധികൃതരോട് നിർദ്ദേശിച്ചു. കൂടുതൽ വാദത്തിനായി അപേക്ഷകൾ ഡിസംബർ നാലിലേക്ക് മാറ്റിവച്ചു.

പാർക്കിൻസൺസ്, കേൾവിക്കുറവ് എന്നിവ ഉൾപ്പെടെ നിരവധി അസുഖങ്ങൾ തനിക്ക് അനുഭവപ്പെടുന്നതായി ജാമ്യാപേക്ഷയിൽ സ്വാമി പറഞ്ഞു. രണ്ട് ഹെർണിയ ശസ്ത്രക്രിയകൾക്ക് വിധേയനായ തനിക്ക് ഇപ്പോഴും വയറുവേദന അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റാൻ സ്വാമി പറയുന്നു.

അറസ്റ്റിലായ ഉടൻ തന്നെ ജയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും മറ്റ് രണ്ട് തടവുകാർ ആശുപത്രിയിൽ പരിചരണം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരോധിത സി‌പി‌ഐ (മാവോയിസ്റ്റ്) സംഘടനയുടെ പ്രവർത്തനങ്ങളിൽ സ്വാമി പങ്കാളിയായിരുന്നുവെന്നും, മാവോയിസ്റ്റ് അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു സഹായി വഴി ഫണ്ട് സ്വീകരിച്ചിരുന്നുവെന്നും എൻഐഎ പറയുന്നു.

സി.പി.ഐ(മാവോയിസ്റ്റ്) മുന്നണി സംഘടനയായ പീഡിത തടവുകാർക്കുള്ള ഐക്യധാർഢ്യ കമ്മിറ്റിയുടെ (പി.പി.എസ്.സി) കൺവീനർ കൂടിയായിരുന്നു അദ്ദേഹമെന്നും എൻഐഎ പറയുന്നു.

ജാമ്യാപേക്ഷയിൽ സ്വാമി ആരോപണങ്ങൾ നിഷേധിച്ചു. തെളിവുകൾ രേഖപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook