Latest News

ജാമ്യത്തിന് കാത്തുനിന്നില്ല, ഫാദർ സ്റ്റാൻ സ്വാമി വിടവാങ്ങി

ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു

father stan swamy, father stan swamy health, father stan swamy to be shifted to hospital, father stan swamy news, bombay high court father stan swamy plea, bombay high court news, father stan swamy NIA Elgar Parishad case, ie malayalam

മുംബൈ: എൽഗാർ പരിഷത്ത് കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 84 വയസായിരുന്നു.

അദ്ദേഹത്തിന്റെ മെഡിക്കൽ ജാമ്യാപേക്ഷയിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ തിങ്കളാഴ്ച രാവിലെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടയിൽ, ഉച്ചയ്ക്ക് 1:30ന് അദ്ദേഹം മരണപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ കോടതിയെ അറിയിക്കുകയായിരുന്നു.

ബോംബൈ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് മേയ് 28നാണ് സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച, അദ്ദേഹത്തിന്റെ അഭിഭാഷകൻ മിഹിർ ദേശായി സ്വാമി ഐസിയുവിൽ തുടരുകയാണെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി, സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതായി ദേശായി പറഞ്ഞിരുന്നു.

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ സിപിഎം അനുശോചനം രേഖപ്പെടുത്തി. സ്റ്റാൻ സ്വാമിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചു. “വിവിധ അസുഖങ്ങൾ ബാധിച്ചിട്ടും യു‌എ‌പി‌എ ചുമത്തി അറസ്റ്റു ചെയ്തു, എൻ‌ഐ‌എ ആവർത്തിച്ചു ജാമ്യം നിരസിക്കുകയും കോടതി ഇടപെടൽ മൂലം ഒടുവിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ വളരെ വൈകിയിരുന്നു” സിപിഎം ട്വിറ്ററിൽ പറഞ്ഞു.

Read Also: ഭീമ കൊറേഗാവ് കേസ്: ആരാണ് ഫാ. സ്റ്റാന്‍ സ്വാമി?

മേയ് 28നാണ് സ്റ്റാൻ സ്വാമിയേ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. ആരോഗ്യസ്ഥിതിയും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി പ്രത്യേക എന്‍ഐഎ കോടതി തള്ളിയതിനു ശേഷമായിരുന്നു ഹൈക്കോടതി ഉത്തരവ്.

പിന്നീട് സ്റ്റാന്‍ സ്വാമിയുടെ ആശുപത്രി വാസം ബോംബെ ഹൈക്കോടതി ജൂലൈ അഞ്ചു വരെ നീട്ടിയിരുന്നു. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന ആശുപത്രി റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു ഉത്തരവ്.

സ്വാമിക്കു ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്നും ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജയരായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി വാദിച്ചു. ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെ, ജസ്റ്റിസ് എന്‍.ജെ ജമാദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്വാമിക്ക് ഗുരുതരമായ മെഡിക്കല്‍ പ്രശ്നങ്ങള്‍ രേഖപ്പെടുത്തിയത് നിരീക്ഷിച്ചു. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള പ്രത്യേക കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ഇത്.

Read More: ‘അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു;’ രാഹുൽ ഗാന്ധി

സ്വാമിയെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്കു മാറ്റുന്നതിനെ എന്‍ഐഎ നേരത്തെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. ചികിത്സയ്ക്കു ജെജെ ഹോസ്പിറ്റലില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ സ്വാമിയെ ഹോളി ഫാമിലി ഹോസ്പിറ്റലിലേക്കു മാറ്റേണ്ട ആവശ്യമില്ലെന്നായിരുന്നു എന്‍ഐഎയുടെ വാദം. ഇതിനെ മറികടന്നുകൊണ്ടാണ് സ്വാമിയെ ആശുപത്രിയിലേക്കു മാറ്റാന്‍ ജയില്‍ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്‍കിയത്. ചികിത്സാ ചെലവ് സ്വാമി വഹിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

താഴ്ന്ന രക്തസമ്മര്‍ദ്ദം, ശ്രവണ നഷ്ടം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങി നിരവധി മെഡിക്കല്‍ പ്രശ്നങ്ങള്‍ നേരിടുന്ന സ്റ്റാന്‍ സ്വാമിയ്ക്കു മേയ് 30 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൈക്കോടതി കോടതി ഉത്തരവിട്ട അന്നു തന്നെ സ്വാമിയെ ആശുപത്രിയിലേക്കു മാറ്റുകയും ഐസിയുവില്‍ ഓക്‌സിജന്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Stan swamy dead elgar parishad case

Next Story
Coronavirus India Highlights: കോവിഡ് – 19 ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ഒറ്റയ്ക്ക് ഒരു രാജ്യത്തിനും കഴിയില്ല: പ്രധാനമന്ത്രിPM Modi, Narendra Modi, Prime Minister
The moderation of comments is automated and not cleared manually by malayalam.indianexpress.com