ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ മുന്‍ അധ്യക്ഷനുമായിരുന്ന എം.കരുണാനിധിയ്ക്ക് വികാരഭരിതമായ യാത്രയയപ്പ് സന്ദേശവുമായി മകന്‍ എം.കെ.സ്റ്റാലിന്‍. ”തലൈവരേ, ഈ ഒരു തവണയെങ്കിലും നിങ്ങളെ അപ്പായെന്ന് വിളിച്ചോട്ടെ?” എന്നായിരുന്നു മനംനൊന്ത് സ്റ്റാലിന്‍ എഴുതിയത്. പൊതുവേദിയില്‍ കരുണാനിധിയെ ഒരിക്കല്‍ പോലും അപ്പാ എന്ന് വിളിക്കാതിരുന്നതിനെ ഓര്‍ത്തെടുക്കുന്നതായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. പൊതുവേദികളില്‍ പിതാവിനെ തലൈവര്‍ എന്നായിരുന്നു സ്റ്റാലിന്‍ അഭിസംബോധന ചെയ്തിരുന്നത്.

”എവിടെ പോയാലും ഞങ്ങളോട് പറയുമായിരുന്നല്ലോ, ഇപ്പോഴെങ്ങോട്ടാണ് ഞങ്ങളോട് പറയാതെ പോയത്?” എന്നും സ്റ്റാലിന്‍ ചോദിക്കുന്നു. ദളപതിയെന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ വിളിക്കുന്ന സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുഖ്യപങ്കും കരുണാനിധിയുടെ നിഴലിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് ഡിഎംകെയിലെത്തിയ സ്റ്റാലിന്‍ കരുണാനിധിയുടെ ആരോഗ്യ നില മോശമാകുന്നതോടെയാണ് ആക്ടിങ് പ്രസിഡന്റായി മാറുന്നത്.

”എന്റെ തലൈവരേ, എന്റെ ചിന്തകളിലും, ശരീരത്തിലും, രക്തത്തിലും, വികാരങ്ങളിലുമെല്ലാം എന്നും നിങ്ങളുണ്ടാകും. എവിടേക്കാണ് നിങ്ങള്‍ പോയത്? 33 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നിങ്ങളുടെ കുഴിമാടത്തിലെ ശിലയില്‍ എന്തെഴുതണമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. ‘വിശ്രമമില്ലാതെ ജോലി ചെയ്തയാള്‍ ഇവിടെ കിടക്കുന്നു’, എന്നായിരുന്നു അത്. ഈ തമിഴ് സമൂഹത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ തൃപ്തനായാണോ നിങ്ങള്‍ യാത്രയായത്?”, സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

”80 വര്‍ഷം നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്തു. നമ്മള്‍ പിന്നിട്ട ഉയരങ്ങള്‍ ആരാവും മറികടക്കുക എന്നറിയാന്‍ മറഞ്ഞു നില്‍ക്കുകയാണോ നിങ്ങളിപ്പോള്‍. നിങ്ങളുടെ 95-ാം ജന്മദിനത്തില്‍ നിങ്ങളുടെ കരുത്തിന്റെ പകുതിയെങ്കിലും എനിക്ക് തരണമേയെന്നാണ് ഞാന്‍ നിങ്ങളോട് അപേക്ഷിച്ചത്. ആ കരുത്തിനും അരിങ്കര്‍ അണ്ണയില്‍ നിന്നും കടം കൊണ്ട ഹൃദയത്തിനും വേണ്ടി ഞാന്‍ യാചിക്കുകയാണ്. നിങ്ങളതെനിക്ക് തരില്ലേ തലൈവരേ?”, സ്റ്റാലിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്നും തങ്ങളെ അഭിസംബോധന ചെയ്യാറുള്ളതുപോലെ ‘ഉടന്‍പിറപ്പുകളേ’ എന്നു ഒരിക്കല്‍ കൂടി വിളിക്കുമോയെന്നും സ്റ്റാലിന്‍ ചോദിക്കുന്നു. കത്തിന്റെ അവസാനമായി, നിങ്ങളെ ഇപ്പോഴെങ്കിലും ഞാന്‍ അപ്പായെന്ന് വിളിച്ചോട്ടെയെന്ന് സ്റ്റാലിന്‍ മനം നൊന്ത് ചോദിക്കുന്നുണ്ട്.

അതേസമയം, അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ കലൈഞ്ജറെ അവസാനമായി ഒരുനോക്ക് കാണാന്‍ രാജാജി ഹാളിലേക്ക് ജനപ്രവാഹമാണ്. കരുണാനിധിയുടെ വിയോഗത്തില്‍ ഒരാഴ്ച നീണ്ട ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് അവധിയായിരിക്കും. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ് കരുണാനിധിയുടെ മൃതദേഹം. വൈകിട്ടോടെ സംസ്‌കാരം നടക്കും. അതിന് മുന്നോടിയായി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ തമിഴ്‌നാട്ടിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ