scorecardresearch
Latest News

‘രാജ്യം മതാന്ധതയുടെയും മതാധിപത്യത്തിന്റെയും ഭീഷണിയില്‍’; 37 നേതാക്കള്‍ക്ക് കത്തെഴുതി സ്റ്റാലിന്‍

സോണിയ ഗാന്ധിയും ശരദ് പവാറും മമത ബാനര്‍ജിയും അരവിന്ദ് കേജ്‌രിവാളും ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് സ്റ്റാലിൻ കത്തെഴുതിയിരിക്കുന്നത്

‘രാജ്യം മതാന്ധതയുടെയും മതാധിപത്യത്തിന്റെയും ഭീഷണിയില്‍’; 37 നേതാക്കള്‍ക്ക് കത്തെഴുതി സ്റ്റാലിന്‍

ചെന്നൈ: രാജ്യം മതാന്ധതയുടെയും മതാധിപത്യത്തിന്റെയും ഭീഷണിയിലാണെന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാജ്യത്തെ 37 രാഷ്ട്രീയനേതാക്കള്‍ക്കെഴുതിയ കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ താന്‍ രൂപീകരിച്ച പ്ലാറ്റ്ഫോമായ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിലേക്ക് തങ്ങളുടെ പാര്‍ട്ടി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യാന്‍ അഭ്യര്‍ഥിച്ചുകാണ്ടുള്ളതാണ് സ്റ്റാലിന്റെ കത്ത്. സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ സ്വീകാര്യമാവുന്ന പൊതു മിനിമം പരിപാടി ആവിഷ്‌കരിക്കുന്നതിനുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടാണ് പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്.

സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാര്‍, മമത ബാനര്‍ജി, ഡി രാജ, സീതാറാം യെച്ചൂരി, എന്‍ ചന്ദ്രബാബു നായിഡു, അരവിന്ദ് കേ്ജരിവാള്‍, മെഹ്ബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ 37 ദേശീയ-പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. എഐഎഡിഎംകെ കോര്‍ഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, പിഎംകെ സ്ഥാപകന്‍ എസ് രാമദോസ്, വിസികെ നേതാവ് തോല്‍ തിരുമാവളവന്‍, വൈകോ എന്നീ തമിഴ്‌നാട് നേതാക്കളും കത്ത് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഫെഡറലിസത്തിന്റെയും സാമൂഹിക നീതിയുടെയും തത്വങ്ങള്‍ കൈവരിക്കാന്‍ പരിശ്രമിക്കുന്നതിന് എല്ലാ നേതാക്കള്‍ക്കും പൗരസമൂഹത്തിലെ അംഗങ്ങള്‍ക്കും സമാന ചിന്താഗതിക്കാരായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി ദേശീയതല പൊതുവേദിയെന്ന നിലയിലാണ് ഫെഡറേഷന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Also Read: ഡിപിആർ അപൂർണം; കെ-റെയിലിന് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം

‘സാമൂഹ്യനീതി ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ലളിതമാണ് – ‘എല്ലാവര്‍ക്കും എല്ലാം’. എല്ലാവര്‍ക്കും തുല്യമായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന വിശ്വാസമാണ് ഇത്. ഈ അവസര സമത്വം ഉറപ്പാക്കുന്നതിലൂടെ മാത്രമേ, ഭരണഘടനാശില്‍പ്പികള്‍ വിഭാവനം ചെയ്ത് സമത്വസമൂഹം നമുക്ക് കെട്ടിപ്പടുക്കാന്‍ കഴിയൂ,” സ്റ്റാലിന്‍ പറഞ്ഞു.

സാമൂഹികനീതിക്കു തമിഴ്‌നാട് നല്‍കിയ ഊന്നല്‍ മൂലമാണ് വലിയൊരു അളവില്‍ സംസ്ഥാനത്തെ അസമത്വം ഇല്ലാതാക്കാനും എല്ലാ മേഖലകളിലെയും കൂടുതല്‍ വികസനത്തിനും സഹായിച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു. യുക്തിവാദിയായ തന്തൈ പെരിയാറിനെയും എട്ട് പതിറ്റാണ്ടിനിടെ തമിഴ് സമൂഹത്തിന്റെ അടിത്തറ രൂപപ്പെടുത്തുകയും രാഷ്ട്രീയത്തെ രൂപപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിന്റെ അജയ്യമായ തത്ത്വചിന്തയെയും പരാമര്‍ശിച്ചുകൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്.

”ഞാന്‍ ഇതെഴുതുമ്പോള്‍, നമ്മുടെ തനതായ, വൈവിധ്യമാര്‍ന്ന, ബഹു-സാംസ്‌കാരിക ഫെഡറേഷന്‍ മതാന്ധതയുടെയും മത മേധാവിത്വത്തിന്റെയും ഭീഷണിയിലാണ്. സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂ. ഇതൊരു രാഷ്ട്രീയനേട്ടത്തിന്റെ ചോദ്യമല്ല. മറിച്ച് നമ്മുടെ സ്ഥാപക പിതാക്കന്മാര്‍ ലക്ഷ്യമിട്ട നമ്മുടെ റിപ്പബ്ലിക്കിന്റെ ബഹുസ്വര സ്വത്വം പുനഃസ്ഥാപിക്കകലാണ്,” അദ്ദേഹം കത്തില്‍ പറഞ്ഞു.

”മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ സംസ്ഥാനത്തിന് അര്‍ഹതയുള്ള 27 ശതമാനം ഒബിസി സംവരണം നേടാനുള്ള സമീപകാല രാഷ്ട്രീയ-നിയമ പോരാട്ടത്തിലൂടെ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുള്ള പ്രതിബദ്ധത ഡിഎംകെ വീണ്ടും ഉറപ്പിച്ചു. എങ്കിലും സാമൂഹിക നീതി ഉറപ്പാക്കാന്‍ സംവരണം പര്യാപ്തമല്ല,” സ്റ്റാലിന്‍ എഴുതി.

”ഓരോ ചുവടിലും, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലിന്റെയും മുഖ്യധാരാ സമൂഹത്തില്‍നിന്നുള്ള ബഹിഷ്‌കരണത്തിന്റെയും ചുരുളഴിക്കാന്‍, അടിച്ചമര്‍ത്തപ്പെട്ടവരെ പ്രാപ്തരാക്കണം. ജാതി വിവേചനത്തോടൊപ്പം ലിംഗ വിവേചനവും ഇല്ലാതാക്കാനും ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലെത്തിക്കാനും അസാധാരണമായ നടപടികള്‍ കൈക്കൊള്ളണം. മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സംസ്ഥാനങ്ങളുടെ ഒരു യഥാര്‍ത്ഥ യൂണിയനെന്ന നിലയില്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയം ഒടുവില്‍ എത്തിയിരിക്കുന്നതായി ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
മണ്ഡല്‍ കമ്മിഷന്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തിച്ച അതേ ബോധ്യത്തോടും ലക്ഷ്യത്തോടും കൂടി നാം ഒന്നിക്കണം. ഓരോ സംസ്ഥാനത്തും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ അവര്‍ക്ക് അവസരങ്ങളുടെ വാതിലുകള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം കത്തില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Stalin letter india bigotry religious hegemony