ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടിനിടെ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനെയും കൂട്ടരെയും സഭയിൽനിന്നും പുറത്താക്കി. സുരക്ഷാ ജീവനക്കാർ എംഎൽഎമാരെ ബലം പ്രയോഗിച്ചാണ് പുറത്തെത്തിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും സ്പീക്കർ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. പുറത്ത് കാറിലെത്തിയ സ്റ്റാലിന്‍ തന്റെ മേല്‍ വസ്ത്രം കീറിയതായി തുറന്നുകാട്ടി. ‘ഇതാ കാണു അതിക്രമം’ എന്ന് പറഞ്ഞാണ് സ്റ്റാലിന്‍ കാറില്‍ നിന്നും പുറത്തെത്തിയത്.

വിശ്വാസ വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭയില്‍ പുനരാരംഭിച്ച ശേഷവും സംഘര്‍ഷം തുടരുന്നു. സംഘര്‍ഷം തുടര്‍ന്ന സാഹചര്യത്തില്‍ സഭ മൂന്ന് മണിവരെ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ബഹളം വെച്ചതിനെ തുടര്‍ന്ന് പനീര്‍ശെല്‍വം പക്ഷക്കാരെയും ഡി.എം.കെ എം.എല്‍.എമാരെയും സഭയില്‍ നിന്നും പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.ഇതിനിടെ എം.കെ. സ്റ്റാലിൻ ഉൾപ്പെടെ ഡി.എം.കെ എം.എല്‍.എമാർ സഭയ്ക്കുള്ളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ബലം പ്രയോഗിച്ച് നീക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ