ചെന്നൈ: അധികാര വടംവലിയില്‍ കലങ്ങി മറിഞ്ഞ തമിഴ്നാട്ടില്‍ ഭരണസ്തംഭനമാണെന്ന് കാട്ടി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ഗവര്‍ണറെ കണ്ടു. സംസ്ഥാനത്ത് 9 മാസമായി ഭരണം നടക്കുന്നില്ല. ഭരണസ്തംഭനം ഒഴിവാക്കാൻ ഗവർണർ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കണം. ഒളിവിൽ താമസിപ്പിച്ചിരിക്കുന്ന എംഎൽഎമാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ മരണശേഷം പന്നീർസെൽവം അധികാരമേറ്റു. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പ്രക്ഷോഭം നടക്കുേമ്പാൾ എെഎഎഡിഎംകെ പാർട്ടിക്ക് ഉള്ളിലും ജെല്ലിക്കെട്ട് നടക്കുകയായിരുന്നെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ശശികലയെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ച് തന്റെ സമയം കളയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഗവര്‍ണര്‍ തമിഴ്നാട്ടില്‍ കേന്ദ്രസേനയെ ആവശ്യമാണെന്ന് കാണിച്ച് കേന്ദ്രത്തെ സമീപിച്ചതായാണ് വിവരം.

ഇതിനിടെ എഐഎഡിഎംകെ പ്രസീഡിയം ചെയർമാൻ സ്ഥാനത്തുനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഇ.മധുസൂദനനെ പുറത്താക്കി. പാർട്ടി ജനറൽ സെക്രട്ടറി ശശികലയുടേതാണ് തീരുമാനം. ഒ. പനീർസെൽവത്തെ പിന്തുണച്ച് മുതിർന്ന നേതാവ് മധുസൂദനൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. കെഎ സെങ്കോട്ടയ്യനാണ് പുതിയ പ്രസീഡിയം ചെയർമാൻ.

അതേസമയം, തന്നെ പുറത്താക്കാൻ ആർക്കും അധികാരമില്ലെന്നും ശശികല താൽക്കാലിക ജനറൽ സെക്രട്ടറി മാത്രമാണെന്നും മധുസൂദനൻ നടപടിയോട് പ്രതികരിച്ചു. എംജിആറിനൊപ്പം അണ്ണാ ഡിഎംകെയുടെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് മധുസൂദനൻ. ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ യോഗത്തിൽ ഇദ്ദേഹമായിരുന്നു അധ്യക്ഷൻ.

ഇന്നലെ പനീർസെൽവത്തിന്റെ വീട്ടിലെത്തിമധുസൂദനൻ അദ്ദേഹത്തിനു പിന്തുണ അറിയിച്ചിരുന്നു. സ്വേച്ഛാധിപതികളില്‍നിന്ന് പാർട്ടിയെ രക്ഷിക്കുമെന്നും റൗഡികൾക്കൊപ്പമല്ല പാർട്ടി നിലനിൽക്കുകയെന്നും അദ്ദേഹം പറയുകയും ചെയ്തു. മധുസൂദനൻ പനീർസെൽവത്തിനു പിന്തുണ അറിയിച്ചത് ശശികല പക്ഷത്തിനേറ്റ കനത്ത അടിയായിരുന്നു. എന്നാൽ ജനറൽ സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമത്തെ ഉയർന്ന പദവിയിലുള്ള പ്രസീഡിയം ചെയർമാൻ പിന്തുണയുമായി എത്തിയത് പനീർസെൽവ പക്ഷത്തിന് ആവശമേകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook