മൈസൂരു: റെംഡിസിവിറിന്റെ ഒഴിഞ്ഞ കുപ്പികളിൽ വിലകുറഞ്ഞ ആന്റിബയോട്ടിക് മരുന്നുകൾ നിറച്ച് വിൽപന നടത്തിയതിന് കർണാടകയിലെ മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്‌സിനെ തിങ്കളാഴ്ച അറസ്റ്റുചെയ്തു.
ഗിരീഷ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന് ശേഷം 41 വ്യാജ റെംഡിസിവിർ കുത്തിവയ്‌പുകളും 2.82 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.
ഗുരുതരമായ രോഗബാധിതരായ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി അടിയന്തിര ഉപയോഗത്തിനായുള്ള റെംഡിസിവിറിന് കർണാടകയിലും രാജ്യത്തും ഉയർന്ന ഡിമാൻഡാണ്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ആളായതിനാൽ ഗിരീഷ് സാഹചര്യം മുതലെടുത്തതായി പൊലീസ് പറഞ്ഞു.
ഗിരീഷ് തനിക്ക് അടുപ്പമുള്ളവരുടെ സഹായത്തോടെ റെംഡിസിവിർ കുത്തിവയ്‌പിനു ശേഷമുള്ള ശൂന്യമായ കുപ്പികൾ ശേഖരിച്ചു. സെഫ്‌ട്രിയാക്‌സോൺ (ആൻറിബയോട്ടിക് മരുന്ന്) അല്ലെങ്കിൽ ഉപ്പുവെള്ള ലായനി ഉപയോഗിച്ച് അദ്ദേഹം അത് നിറച്ചു. വീണ്ടും പാക്കേജിങ് നടത്തിയ ശേഷം രണ്ട് മെഡിക്കൽ റെപ്രസെന്റേറ്റീവുകളുടെ (പ്രശാന്ത്, മഞ്ജുനാഥ്) സഹായത്തോടെയാണ് വിൽപന നടത്തിയതെന്ന് മൈസൂരു സിറ്റി പൊലീസ് കമ്മീഷണർ ചന്ദ്രഗുപ്ത പറഞ്ഞു.
