ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുത്തേറ്റ് പിടഞ്ഞ 25കാരനെ തിരിഞ്ഞുനോക്കിയത് മൊബൈല്‍ ക്യാമറകള്‍ മാത്രം. നാല് പേരുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ് വെളളത്തിന് കേണപേക്ഷിച്ചപ്പോള്‍ കൂടി നിന്നവര്‍ വീഡിയോ പകര്‍ത്തുകയാണ് ചെയ്തതെന്ന് യുവാവിന്റെ സഹോദരന് ആരോപിച്ചു.
അക്ബര്‍ അലി എന്ന യുവാവാണ് പളളയില്‍ കുത്തേറ്റ് റോഡില്‍ പിടഞ്ഞുവീണത്. രണ്ട് കത്തികളാണ് യുവാവിന്റെ പളളയില്‍ തുളഞ്ഞു കയറിയത്. ഇതിലൊന്ന് അലി വലിച്ചൂരിയെങ്കിലും മറ്റൊന്ന് പളളയില്‍ തന്നെ കിടന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവിന്റെ മേല്‍വിലാസം തിരക്കുന്ന ആള്‍ക്കാരുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ബി ബ്ലോക്കിലാണ് തന്റെ വീടെന്ന് അലി പറയുന്നുണ്ട്. എന്നാല്‍ യുവാവ് വെളളത്തിന് ചോദിച്ചെങ്കിലും ആരും കൊടുക്കാന്‍ തയ്യാറായില്ല. രക്തമൊലിക്കുന്ന അലിയുടെ വീഡിയോ പകര്‍ത്തുക മാത്രമാണ് കൂടി നിന്നവര്‍ ചെയ്തത്. അവസാന നിമിഷം വരെ അലി പിടിച്ചു നിന്നതായി സഹോദരന് നജാരെ ഇമാം ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. സഹായം അഭ്യര്‍ത്ഥിച്ചിട്ടും എല്ലാവരും വീഡിയോ പകര്‍ത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലപ്പെട്ട അലിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തങ്ങളുടെ പണം പിടിച്ചുപറിക്കാന്‍ ശ്രമിച്ചപ്പോള്‍ അലിയുടെ കൈയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ രണ്ടുപേരും പൊലീസിനോട് പറഞ്ഞു.
എന്നാല്‍ അലിയുടെ പേരില്‍ യാതൊരു കേസും ഇല്ലെന്ന് അലിയുടെ സഹോദരന് പറഞ്ഞു. കണ്ണില്‍ മുളക് പൊടി വിതറി നാല് പേര് ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ആക്രമിച്ചവരില്‍ ഒരാളുടെ ഭാര്യയുമായി അലിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അലിയുടെ സഹോദരന് ആരോപിച്ചു. പൊലീസ് അന്വേഷണം നടക്കുകയാണ്.