ബെംഗളുരു: ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ് എസ് എല്‍ വി ആദ്യമായി നാളെ കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നു രാവിലെ 9.18നാണു വിക്ഷേപണം. കൗണ്ട് ഡൗണ്‍ ആരംഭിച്ചു.
ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്- 02നെയും ഒരുകൂട്ടം വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്ത ആസാദിസാറ്റിന്റെയുമാണ് ഐ എസ് ആർ ഒയുടെ ഏറ്റവും ചെറിയ റോക്കറ്റായ എസ് എസ് എല്‍ വി-ഡി1 പ്രഥമ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിക്കുക.
ഐ എസ് ആര്‍ ഒ തന്നെ രൂപകല്‍പ്പന ചെയ്ത ഇ ഒ എസ്-02നെ ഭൂമധ്യരേഖയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണു വിക്ഷേപിക്കുന്നത്. 135 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. മൈക്രോസാറ്റ് ശ്രേണിയില്‍പെട്ട ഇ ഒ എസ്-02 ഉയര്‍ന്ന സ്പേഷല്‍ റെസല്യൂഷനോടുകൂടിയ ഇന്‍ഫ്രാ-റെഡ് ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് വാഗ്ദാനം ചെയ്യുന്നു. കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതാണ് ഉപഗ്രഹം.
എട്ടു കിലോ ഭാരമുള്ള ആസാദിസാറ്റ് ഉപഗ്രഹം വിദ്യാര്‍ഥികളാണു രൂപകല്‍പ്പന ചെയ്ത ത്തിന് 50 ഗ്രാം വീതമുള്ള 75 വ്യത്യസ്ത പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ‘സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ’ വിദ്യാര്‍ത്ഥി ടീമാണ് പേലോഡുകള്‍ സംയോജിപ്പിച്ചത്. പേലോഡുകള്‍ നിര്‍മിക്കാന്‍ രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഐ എസ് ആര്‍ ഒ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു.
അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്കു വോയ്‌സ്, ഡേറ്റ ട്രാന്‍സ്മിഷന്‍ സാധ്യമാക്കാന്‍ ഹാം റേഡിയോ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന യു എച്ച് എഫ്-വി എച്ച് എഫ് ട്രാന്‍സ്‌പോണ്ടര്‍, ഭ്രമണപഥത്തിലെ അയോണൈസിങ് റേഡിയേഷന്‍ അളക്കുന്നതിനുള്ള സോളിഡ് സ്റ്റേറ്റ് പിന്‍ ഡയോഡ് അടിസ്ഥാനമാക്കിയുള്ള റേഡിയേഷന്‍ കൗണ്ടര്‍, ഒരു ദീര്‍ഘദൂര ട്രാന്‍സ്‌പോണ്ടര്‍, സെല്‍ഫി കാമറ എന്നിവ പേലോഡുകളില്‍ ഉള്‍പ്പെടുന്നു. ‘സ്‌പേസ് കിഡ്‌സ് ഇന്ത്യ’ വികസിപ്പിച്ച ഗ്രൗണ്ട് സംവിധാനം ഉപയോഗിച്ചാണ് ഉപഗ്രഹത്തില്‍നിന്നുള്ള ഡേറ്റ സ്വീകരിക്കുക.
എസ് എസ് എല്‍ വി: ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത് എന്ത്?
എസ് എസ് എല്‍ വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, വാണിജ്യ ദൗത്യങ്ങളില്‍ വമ്പന്‍ രാജ്യങ്ങള്‍ക്കിടയിലെ മത്സരത്തില്‍ ഇന്ത്യയുടെ തുരുപ്പുചീട്ടാണ്.
500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കു ലോഞ്ച്-ഓണ്‍-ഡിമാന്‍ഡ്’ അടിസ്ഥാനത്തില്‍ വിക്ഷേപിക്കാന്‍ എസ് എസ് എല്‍ വി മുഖേനെ ഐ എസ് ആര്‍ ഒയ്ക്കു കഴിയും. അതായത് ആവശ്യത്തിനനുസരി്ച്ച് എസ് എസ് എല്‍ വിയെ ഒരാഴ്ചകൊണ്ട് വിക്ഷേപണത്തിനു സജ്ജമാക്കാനാവും. ഐ എസ് ആര്‍ ഒയുടെ ഏറ്റവും വിശ്വസ്ത വാഹനമായ പി എസ് എല്‍ വിയും ജി എസ് എല്‍ വിയുമൊക്കെ വിക്ഷേപണത്തിനു സജ്ജമാക്കാന്‍ മാസങ്ങളുടെ തയാറെടുപ്പുകള്‍ ആവശ്യമാണ്.
മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ (10 മുതല്‍ 500 കിലോഗ്രാം വരെ ഭാരമുള്ളവയെ) 500 കിലോമീറ്റര്‍ വരെയുള്ള ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കാന്‍ എസ് എസ് എല്‍ വിക്കു കഴിയും. ഒരേസമയം ഒന്നിലധികം ചെറു ഉപഗ്രഹങ്ങളെ വഹിക്കാന്‍ കഴിയും.
വളരെ കുറഞ്ഞ കാലയളവിലെന്നപോലെ ബഹിരാകാശരംഗത്തെ മറ്റു വമ്പന്‍ രാഷ്ട്രങ്ങളേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിക്ഷേപണം സാധ്യമാക്കുന്നുവെന്നതും ഐ എസ് ആര്‍ ഒയിലേക്കുള്ള വിദേശ അന്വേഷകരുടെ ഒഴുക്ക് വര്‍ധിപ്പിക്കും.
170 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത എസ് എസ് എല്‍ വിയ്ക്കു 34 മീറ്ററാണ് ഉയരം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ആഗോളതലത്തിലുണ്ടായ ലോക്ക്ഡൗണാണു പ്രഥമ വിക്ഷേപണം വൈകിച്ചത്.