scorecardresearch

കശ്മീരില്‍ സൈനികവാഹനം ദേഹത്ത് കയറി 25കാരന്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ സിആര്‍പിഎഫിനെതിരെയും പ്രതിഷേധക്കാര്‍ക്കെതിരേയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

kashmir

ശ്രീനഗര്‍: ശ്രീനഗറില്‍ സിആര്‍പിഎഫിന്റെ വാഹനം കയറിയിറങ്ങി യുവാവ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ 25കാരനായ കാസിയര്‍ ഭട്ട് വെളളിയാഴ്‌ച രാത്രിയോടെ എസ്കെഐഎംഎസ് ആശുപത്രിയിലാണ് മരിച്ചത്. ഫത്തേഹ്കടാല്‍ നിവാസിയായ കാസിയര്‍ പ്രതിഷേധക്കാരോടൊപ്പം നൗഹട്ടയില്‍ പ്രതിഷേധം നടത്തുമ്പോഴാണ് സൈന്യം വാഹനം ഓടിച്ച് കയറ്റിയത്.

ജനക്കൂട്ടം സിആര്‍പിഎഫ് വാഹനത്തിന് നേരെ അക്രമം നടത്താന്‍ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് സിആര്‍പിഎഫ് വക്താവ് പറഞ്ഞു. ‘വാഹനത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് ഉണ്ടായിരുന്നത്. കൂടെ നാല് ജവാന്മാരും ഡ്രൈവറും ഉണ്ടായിരുന്നു. നൂറുകണക്കിന് യുവാക്കളാണ് ഈ സമയം വാഹനം അക്രമിച്ചത്. അവിടെ നിന്നും വാഹനം ഓടിച്ച് പോകാനാണ് സിആര്‍പിഎഫ് സംഘം ശ്രമിച്ചത്. ഇല്ലെങ്കില്‍ പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുമായിരുന്നു’, സിആര്‍പിഎഫ് വ്യക്തമാക്കി.

സംഭവത്തില്‍ സിആര്‍പിഎഫിനെതിരെയും പ്രതിഷേധക്കാര്‍ക്കെതിരേയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ച കാസിയറിന്റെ ഖബറടക്കം ശനിയാഴ്‌ച രാവിലെ നടന്നു. സംഭവത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശ്രീനഗർ അടക്കമുളള ചില സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുളള രംഗത്തെത്തി. ‘നേരത്തേ ജനങ്ങളെ ജീപ്പിന് മുമ്പില്‍ കെട്ടിയിട്ട് ഗ്രാമം മുഴുവന്‍ പരേഡ് നടത്തുകയാണ് അവര്‍ ചെയ്തത്. ഇപ്പോള്‍ ജീപ്പ് ജനങ്ങളുടെ ശരീരത്തിന് മേലെ കയറ്റിയാണ് കളി’, ഒമര്‍ അബ്ദുളള പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Srinagar youth hit by crpf vehicle during clashes dies two firs lodged