ശ്രീനഗര്‍: ജമ്മു കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളുമടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

അബ്ദുള്ളയുടെ സഹോദരി സുരയ്യയും അദ്ദേഹത്തിന്റെ മകള്‍ സഫിയയുടേയും നേതൃത്വത്തില്‍ വനിതകളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കറുത്ത ആം ബാന്റ് ധരിച്ച് പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസുകാര്‍ തടയുകയായിരുന്നു. പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല.

”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കശ്മീരിലെ സ്ത്രീകള്‍ എതിര്‍ക്കുന്നു. നീക്കം കശ്മീരിനെ കീറിമുറിക്കുന്നതാണ്” ” സമരക്കാര്‍ പറഞ്ഞു. കശ്മീര്‍ ജനത വഞ്ചിക്കപ്പെട്ടെന്നും അപമാനിക്കപ്പെട്ടെന്നും പറഞ്ഞ സമരക്കാര്‍ മേഖലയില്‍ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ വിഭജിക്കുകയും രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുകയും ചെയ്തിട്ട് മാസങ്ങൾ പിന്നിടുന്ന ഘട്ടത്തിലാണ് വനിതാ സിവില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരടക്കം ആയിരത്തിലധികം പേരെയാണ് ഓഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.

സഫിയയെയും സുരയ്യ അബ്ദുള്ളയെയും കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതിഷധവുമായി മെഹബൂബ മുഫ്തി രംഗത്തെത്തി. ’56 ഇഞ്ചുള്ള സര്‍ക്കാര്‍ സമാധാനമായി പ്രതിഷേധിച്ച പൗരന്മാരെയും സ്ത്രീകളെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു. ഒരു നഗരത്തില്‍ മുഴുവനായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഞങ്ങളുടെ വികാരങ്ങളിലും ചിന്തകളിലും ഒരുമാറ്റവും സംഭവിച്ചിട്ടില്ല. ഇനിയും എത്ര ശബ്ദങ്ങളെ നിങ്ങള്‍ക്ക് അടിച്ചമര്‍ത്താനാവും?’ മെഹ്ബൂബ മെഫ്തി ചോദിച്ചു. മെഹബൂബ മുഫ്തിയുടെ മകളാണ് അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook