ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 22കാരന് കൊല്ലപ്പെട്ടു. ബട്ടമാലൂവില് ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സൈന്യം വെടിവെപ്പ് നടത്തിയത്. സംഘര്‍ഷത്തില്‍ 50 വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.
രേകി ഛൗക്കിലൂടെ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് വെടിവയ്പ്പുണ്ടായത്. തെരുവ് കച്ചവടക്കാരനായ സജാദ് അഹമ്മദാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. തലയില്‍ വെടിയേറ്റ സജാദിനെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യാതൊരു പ്രകോപനവും കൂടാതെയാണ് വെടിവയ്പ്പ് നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യുവാക്കള്‍ വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞപ്പോള്‍ സൈന്യം വെടിവെച്ച് കൊന്നത് നിരപരാധിയായ കച്ചവടക്കാരനെയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബട്ടലാമോയില് പ്രതിഷേധം ശക്തമായിട്ടുണ്ട്. തുടര്‍ന്ന് നടന്ന കല്ലേറും സംഘര്‍ഷവും നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു.