കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനത്തിന് മുന്നോടിയായി ഭീകരർ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കൻ സൈനിക മേധാവി. ലഫ്റ്റനന്റ് ജനറൽ മഹേഷ് സേനനായകെയാണ് ഭീകരർ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിച്ചത്. ഭീകരർ കാശ്മീരിലും ബെംഗളൂരുവിലും കേരളത്തിലുമെത്തിയെന്നാണ് സൈനികത്തലവൻ പറയുന്നത്.

ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ലഫ്റ്റനന്റ് ജനറൽ മഹേഷ് സേനനായകെ ഭീകരർ ഇന്ത്യയിൽ എത്തിയതായി പറയുന്നത്. മറ്റ് സംഘടനകളുമായി ചേരാനോ പരിശീലനത്തിനായിരിക്കാം ഇവർ ഇന്ത്യയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിനു രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ കഴിയുമെന്നും ലഫ്ന്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു.

ഐഎസുമായി ബന്ധമുള്ള മലയാളിയെ കഴിഞ്ഞ ദിവസം കേരളത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി റിയാസ് അബുബക്കറുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാൾ കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി എൻഐഎ സ്ഥിരീകരിച്ചു. പാലക്കാടും കാസർഗോഡും എൻഐഎ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയവരുമായും റിയാസിന് ബന്ധമുള്ളതായും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ശ്രീലങ്കൻ ആക്രമണവുമായി ഇയാൾക്ക് ബന്ധമില്ലന്നാണ് സ്ഥിരീകരണം.

ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്‌ഫോടനമുണ്ടായി.

ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook