മുംബൈ : തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങള്‍ക്ക് ശ്രീദേവിയുടെ കുടുംമ്പത്തിന്‍റെ കത്ത്. കപൂര്‍, അയ്യപ്പന്‍, മര്‍വ കുടുംബം എന്നിവരുടെ പേരിലാണ് കത്ത്.

കത്തിന്‍റെ പൂര്‍ണരൂപം :

വളരെ വേദനാജനകമായ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് ഞങ്ങളുടെ കുടുംബം കടന്നുപോകുന്നത്. പ്രത്യേകിച്ച് ഇന്ന് ഏറ്റവും കഷ്ടമുള്ള ദിവസങ്ങളില്‍ ഒന്നാണ്. വളരെ വേഗം നമ്മെ വിട്ടുപിരിഞ്ഞുപോയ സുന്ദരമായൊരു ആത്മാവിനെയാണ് ഞങ്ങള്‍ ഇന്ന് യാത്രയയക്കുന്നത്.

സമാനതകളില്ലാത്ത ഒരു പാരമ്പര്യമാണ് അവര്‍ അവശേഷിപ്പിച്ചത്. അവരുടെ കഴിവുകള്‍ തര്‍ക്കമറ്റതാണ്. അവരുടെ സൗന്ദര്യം താരതമ്യപ്പെടുത്താനാകാത്തതാണ്. പ്രേക്ഷകരുമായ് സംവദിക്കുവാനുള്ള അവരുടെ കഴിവ് ഐതിഹാസികമാണ്. അതേ തരത്തിലുള്ള ബന്ധമാണ് ശ്രീയ്ക്ക് കുടുംബത്തിനോട് ഉണ്ടായിരുന്നത്.

അവരുടെ സഹപ്രവര്‍ത്തകര്‍ ആയിക്കോട്ടെ, അവരുടെ എണ്ണമറ്റ ആരാധകര്‍ ആയിക്കോട്ടെ, അവരുടെ കരുതലുള്ള സുഹൃത്തുകള്‍ ആയിക്കോട്ടെ ഇന്ത്യയ്ക്കും ഇന്ത്യയ്ക്ക് വെളിയിലുമായുള്ള കുടുംബാംഗങ്ങള്‍ ആയിക്കോട്ടെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയത് ഇവര്‍ എല്ലാവരും തന്നെ സ്നേഹവും പിന്തുണയുമാണ്‌.

ഖുഷിക്കും ജാന്‍വിക്കും അവരുടെ അമ്മയെകുറിച്ചുള്ളത് ഈ സ്നേഹത്തിന്‍റെ ഓര്‍മകള്‍ ആവട്ടെ. എല്ലാവരും സംശയമില്ലാതെ സ്നേഹിച്ച ഒരു സ്ത്രീ. ശ്രീയെ ഇഷ്ടപ്പെട്ട ഓരോരുത്തര്‍ക്കും അവര്‍ ജീവിതമായ് കരുതിയ തന്‍റെ കുട്ടികളെയും സ്നേഹിക്കാം. ശ്രീക്ക് നമ്മള്‍ നല്‍കിയ സ്നേഹം അവര്‍ക്കും നല്‍കാം. അതവരുടെ വേദനയെ കുറച്ചേക്കും.

അവര്‍ അവരുടെ അമ്മയെ സ്നേഹത്തോടെ ഓര്‍ക്കട്ടെ, അവരുടെ കണ്ണുകളിലെ തിളക്കവും തങ്ങളുടെ ജീവിതം കെട്ടിപെടുക്കുന്നതിലുള്ള ശ്രീയുടെ ശ്രമങ്ങളും ശ്രീ കണ്ട സ്വപ്നങ്ങളും അവര്‍ ഓര്‍ക്കട്ടെ.

ശ്രീ വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്. അതേ അഭിമാനം അവര്‍ക്ക് ജീവിതശേഷവും കൊടുക്കേണ്ടതുണ്ട്. കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണം എന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook