അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ സംസ്കാരം വൈകിട്ട് മുംബൈയിലെ വിലെ പാര്‍ലെ ഹിന്ദു ശ്മശാനഭൂമിയില്‍ നടന്നു. സംസ്ഥാന ബഹുമതികളോടെയാണ് രാജ്യം ശ്രീദേവിയെ യാത്രയാക്കിയത്. ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ശ്രീദേവിയുടെ മക്കള്‍ ജാന്‍വിയും ഖുശിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും, മറ്റു അടുത്ത ബന്ധുക്കളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കര്‍മ്മങ്ങള്‍ നടക്കുന്നയിടത്ത് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. ഐ എ എന്‍ സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തതാണ് ഈ വാര്‍ത്ത.

വൈദ്യുത ശ്മശാനമായതിനാല്‍ ചിതയ്ക്ക് തീ കൊളുത്തേണ്ടതില്ല, പകരം ‘മുഖാന്ഗ്നി’ എന്ന ആചാരമാണ് ജാന്‍വിയും ഖുശിയും അച്ഛനോടൊപ്പം നിര്‍വ്വഹിച്ചത് എന്ന് ഇന്ത്യാ ടുഡേയും റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സിനിമാ രംഗത്ത് നിന്നും അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുള്‍പ്പടെ വലിയ താര നിര തന്നെ ശ്രീദേവിയെ യാത്രയാക്കാന്‍ അവിടെ സന്നിഹിതരായിരുന്നു.

മൃതദേഹം വിലാപയാത്രയായിട്ടാണ് പവന്‍ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ ശ്മശാനത്തിൽ എത്തിച്ചത്. വെളളപ്പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ അന്ത്യയാത്ര. അന്ത്യയാത്രയിൽ ശ്രീദേവിക്ക് അടുത്തായി ഭർത്താവ് ബോണി കപൂറും മകൾ ജാൻവിയും ഉണ്ടായിരുന്നു. അമ്മയുടെ അന്ത്യയാത്ര കണ്ട് ജാൻവിക്ക് കണ്ണീരടക്കാനായില്ല. മകളെ ആശ്വസിപ്പിക്കാൻ ബോണി കപൂർ നന്നേ പാടുപെടുന്നുണ്ടായിരുന്നു. മകളെ ഇടയ്ക്കിടെ കെട്ടിപ്പിടിച്ച് ബോണി കപൂർ ആശ്വസിപ്പിക്കാൻ ശ്രമച്ച കാഴ്ച ഏവരുടെയും കണ്ണ് നനയിക്കുന്ന ഒന്നായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളായ ശ്രീദേവി മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പാണ് ദുബായില്‍ വച്ച് മരണപ്പെട്ടത്.  ബോധമറ്റ്‌, ബാത്ത്ടബ്ബില്‍ കിടന്നിരുന്ന അവരെ ആശുപത്രില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പ് ശ്രീദേവിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ശ്രീദേവിയുടെ അകാലവിയോഗം ഇന്ത്യന്‍ സിനിമയെ ആകെ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ