ദുബായ്: ശ്രീദേവിയുടെ മൃതദേഹവും വഹിച്ച വിമാനം ഇന്ത്യയിലെത്തി. മുംബൈ വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി നൽകിയതോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് പ്രോസിക്യൂഷനും ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടുന്നതിനുളള തടസ്സം നീങ്ങിയത്. ശവസംസ്കാര ചടങ്ങുകള്‍ നാളെ വൈകീട്ട് 3:30 മുംബൈയില്‍ നടക്കും.

അനിൽ അംബാനിയുടെ ചാർട്ടേഡ് വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. നാളെ അന്ധേരിയില്‍ സെലബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം 3.30ന് മൃതദേഹം സംസ്കരിക്കും.

ശ്രീദേവി മരിച്ച് 2 ദിവസം കഴിഞ്ഞിട്ടും മൃതദേഹം നാട്ടിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിക്കുന്നതിനുളള കാലതാമസമാണ് മൃതദേഹം വിട്ടുകിട്ടാൻ വൈകിയത്.

ശ്രീദേവി താമസിച്ചിരുന്ന ദുബായിലെ ജുമൈറ എമിറേറ്റ്സ് ടവർ ഹോട്ടൽ മുറിയിൽ ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതോടെ അസ്വാഭാവിക മരണത്തിനു കേസ് എടുത്തു. തുടർന്ന് കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത് നടപടി വൈകിച്ചു.

അതിനിടെ, ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോനയുടെയും മകനും ബോളിവുഡ് നടനുമായ അർജുൻ കപൂർ ദുബായിലേക്ക് പോയി. ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിലുളള നടപടികൾ നീണ്ടതോടെയാണ് അർജുൻ ദുബായിലേക്ക് പോയത്. ശ്രീദേവിയുടെ മരണവാർത്ത അറിഞ്ഞതും ഷൂട്ടിങ്ങിന് അമൃത്സറിലായിരുന്ന അർജുൻ, അനിൽ കപൂറിന്റെ വീട്ടിലെത്തി അർധ സഹോദരിമാരായ ജാൻവിയെയും ഖുഷിയെയും കണ്ടിരുന്നു. അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അമ്മയെ ഉപേക്ഷിച്ചു പിതാവ് ശ്രീദേവിയെ വിവാഹം കഴിച്ചതിനെ തുടർന്ന് അകൽച്ചയിലായിരുന്നു അർജുൻ.

ഫെബ്രുവരി 25 ശനിയാഴ്ചയാണ് ദുബായിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബിൽ ബോധരഹിതയായ നിലയിൽ ശ്രീദേവിയെ ഭർത്താവ് ബോണി കപൂർ കണ്ടത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook