ദുബായ്: ചലച്ചിത്ര താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ ഭര്‍ത്താവും ബോളിവുഡ് സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂറിനെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ദുബായ് പൊലീസ്. ഖലീജ് ടൈംസ്‌ ആണ് ദുബായ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

ഇത്തരം കേസുകള്‍ സാധാരണയായി നടക്കുന്ന അന്വേഷണ നടപടികളുടെ ഭാഗമായിട്ടാണ് ബോണി കപൂറിന്റെ മൊഴി രേഖപ്പെടുത്തിയത് എന്നും അവര്‍ വ്യക്തമാക്കി. ബോണി കപൂറിനെ ഇന്നലെ (തിങ്കളാഴ്ച) പൊലീസ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജുമൈറ എമിറേറ്റ്സ് ടവര്‍ ദുബായ് ഹോട്ടലിലെ ബാത്ത്റൂമിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോള്‍ ഹോട്ടലില്‍ ബോണി കപൂറും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ബോണി കപൂറിന്‍റെ സഹോദരി പുത്രന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയുള്‍പ്പടെയുള്ള കപൂര്‍ കുടുംബം ദുബായില്‍ എത്തിയത്. കുടുംബാംഗങ്ങള്‍ മുംബൈയിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി മാത്രം ദുബായില്‍ തുടരുകയായിരുന്നു.

Sridevi

മോഹിത് മര്‍വയുടെ വിവാഹ സത്ക്കാരത്തില്‍ ശ്രീദേവി, ബോണി കപൂര്‍, മകള്‍ ഖുശി എന്നിവര്‍

ശ്രീദേവിയുടെ ഭൗതിക ശരീരം എത്രയും വേഗത്തില്‍ വിട്ടു കിട്ടാൻ വേണ്ട നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് യുഎഇ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സൂരി അറിയിച്ചു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

“മാധ്യമങ്ങള്‍ക്ക് ശ്രീദേവിയുടെ മരണസംബന്ധമായ വാര്‍ത്തകളില്‍ ഉള്ള താത്പര്യം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ഊഹാപോഹങ്ങളിലൂന്നിയ വാര്‍ത്തകള്‍ സഹായകരമല്ല. ദുബായ് അധികാരികളുമായി ചേര്‍ന്ന് അവരുടെ ഭൗതിക ശരീരം എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ശ്രീദേവിയുടെ കുടുംബവുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്, അവരുടെ സങ്കടത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് തന്നെ. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് രണ്ടോ മൂന്നോ ദിവസങ്ങള്‍ എങ്കിലുമെടുക്കും എന്നതാണ് സമാനമായ കേസുകളില്‍ ഞങ്ങളുടെ അനുഭവം. ശ്രീദേവിയുടെ മരണത്തിന്‍റെ കാരണം കണ്ടു പിടിക്കുക എന്നത് വിദഗ്ധരുടെ ജോലിയാണ്. നമുക്ക് ഉത്തരവാദിത്തതോടെ പെരുമാറാം,” അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

ദുബായ് പൊ​ലീ​സ് ആസ്ഥാനത്തെ ഫോ​റ​ൻ​സി​ക് ഡി​പ്പാ​ർ​ട്ട്‌മെന്റ് മോ​ർ​ച്ച​റി​യിലാണ് ശ്രീദേവിയുടെ മൃ​ത​ദേ​ഹം ഇ​പ്പോ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. എംബാം ചെയ്തു മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ മുംബൈയില്‍ എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം ദുബായില്‍ എത്തിയിട്ടുണ്ട്, ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ഉള്‍പ്പടെ ആരാധക ലക്ഷങ്ങള്‍ കാത്തിരിക്കുന്നുമുണ്ട്, പ്രിയ ‘ചാന്ദ്നി’യെ അവസാനമായി കാണാന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook