/indian-express-malayalam/media/media_files/uploads/2022/07/Gotabaya-Rajapaksa-.jpg)
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യം വിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സ തിരികെയെത്തി. ഇന്നലെ അർധരാത്രിയോടെയാണ് ബാങ്കോങ്ങിൽനിന്നും സിംഗപ്പൂർ വഴി കൊളംബോ ബന്ദരാനായകെ രാജ്യാന്തര വിമാനത്താവളത്തിൽ ഗോട്ടബയ എത്തിയത്.
വിമാനത്താവളത്തിൽ ഗോട്ടബയയെ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾ എത്തിയിരുന്നു. സര്‍ക്കാര്‍ കൊളംബോയില്‍ അനുവദിച്ച വസതിയിലാണ് ഗോട്ടബയയുള്ളത്. കനത്ത സുരക്ഷയോടെയാണ് ഗോട്ടബയയെ വിമാനത്താവളത്തിൽനിന്നും ഇവിടേക്ക് എത്തിച്ചത്. രാജപക്‌സെയ്‌ക്കെതിരെ കേസുകളോ അറസ്റ്റ് വാറന്റോ നിലവിലില്ല.
ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകർ കൊളംബോ തെരുവിലിറങ്ങി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഓഫീസുകളും പിടിച്ചടക്കിയതിന് പിന്നാലെയാണ് ജൂലൈ 13 നു ശ്രീലങ്കയില്‍നിന്ന് ഭാര്യയ്‌ക്കൊപ്പം സൈനിക വിമാനത്തില്‍ ഗോട്ടബയ മാലിദ്വീപിലേക്കു പലായനം ചെയ്തത്. ഒരു ദിവസത്തിനുശേഷം സിംഗപ്പൂരിലേക്കു പോയി. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് ഇ-മെയില്‍ മുഖേനെ പാര്‍ലമെന്റ് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു. പിന്നീട് അദ്ദേഹം ബാങ്കോക്കിലേക്കു പോയി.
മറ്റൊരു രാജ്യത്ത് സ്ഥിരാഭയം തേടുന്നതിനു മുമ്പ് താല്‍ക്കാലിക താമസത്തിനായാണ് എഴുപത്തി മൂന്നുകാരനായ ഗോട്ടബയ തായ്‌ലാന്‍ഡിലെത്തിയത്. സിംഗപ്പൂര്‍ വിസയുടെ കാലാവധി അവസാനിച്ച ഓഗസ്റ്റ് 11 നാണ് അവിടെനിന്ന് അദ്ദേഹം ചാര്‍ട്ടര്‍ വിമാനത്തില്‍ ബാങ്കോക്കിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.