scorecardresearch
Latest News

രാജിവയ്ക്കുക, അല്ലെങ്കിൽ എന്തുകൊണ്ട് വയ്ക്കുന്നില്ലെന്ന് പറയുക; ഗോതബയ രാജപക്‌സെയോട് മുൻ പ്രധാനമന്ത്രി

നിലവിലെ ഭക്ഷ്യക്ഷാമം മറികടക്കാൻ, ദക്ഷിണേഷ്യയിലെ സുഹൃത്തുക്കളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ശ്രീലങ്ക ഭക്ഷ്യധാന്യങ്ങൾ കടമെടുക്കണമെന്നും ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച വിക്രമസിംഗെ പറഞ്ഞു.

രാജിവയ്ക്കുക, അല്ലെങ്കിൽ എന്തുകൊണ്ട് വയ്ക്കുന്നില്ലെന്ന് പറയുക; ഗോതബയ രാജപക്‌സെയോട് മുൻ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ ശൂന്യത പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രസിഡന്റ് രാജപക്‌സെയുടെയും കുടുംബത്തിന്റെ രാജി ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. പ്രസിഡൻഷ്യൽ ഓഫീസിന് സമീപം കൂടാരം കെട്ടിയാണ് പ്രതിഷേധം. അതിനിടെ, രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് പ്രസിഡന്റ് ഗോതബയ രാജപക്‌സെയോട് പറയാൻ ഉള്ളത് ഇത്രമാത്രമാണ്, “രാജിവയ്ക്കുക, അല്ലെങ്കിൽ എന്തുകൊണ്ടാണ് രാജിവയ്ക്കാത്തതെന്ന് ജനങ്ങളോട് വിശദീകരിക്കുക.”

നിലവിലെ ഭക്ഷ്യക്ഷാമം മറികടക്കാൻ, ദക്ഷിണേഷ്യയിലെ സുഹൃത്തുക്കളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ടോ മൂന്നോ വർഷത്തിന് ശേഷം തിരികെ നൽകാവുന്ന വിധത്തിൽ ശ്രീലങ്ക ഭക്ഷ്യധാന്യങ്ങൾ കടമെടുക്കണമെന്നും ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച വിക്രമസിംഗെ പറഞ്ഞു.

ഐ‌എം‌എഫുമായുള്ള ചർച്ചകളിൽ ഒരു തീരുമാനം ആകുന്നത് വരെ ഇന്ത്യ, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ ഒരു കൺസോർഷ്യം രൂപീകരിച്ച് ശ്രീലങ്കയെ സഹായിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയിൽ നിന്ന് ഇന്ധനവും ഭക്ഷണവും ലഭിക്കുന്നത് മെയിൽ അവസാനിക്കുമെന്നും പ്രതിസന്ധി മറികടക്കുന്നതിന് ശ്രീലങ്ക ഇപ്പോൾ തന്നെ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“അദ്ദേഹം (ഗോതബായ) ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതാണ്. പാർലമെന്റിന് പോലും അദ്ദേഹത്തെ രാജിവെക്കാൻ നിർബന്ധിക്കാനാവില്ല. അതുകൊണ്ട് തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. താൻ രാജിവെക്കുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾ എന്തെല്ലാം ചെയ്യാൻ തയ്യാറാണെന്നും എന്തുകൊണ്ടാണ് നിങ്ങൾ രാജിവയ്ക്കാത്തതെന്നും ജനങ്ങളോട് വിശദീകരിക്കണം,” 2015 മുതൽ 2019 വരെ ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെ പറഞ്ഞു.

“ഒന്നുകിൽ അദ്ദേഹം സ്ഥാനമൊഴിയണം അല്ലെങ്കിൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം,” അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ പ്രതിഷേധങ്ങളെ അദ്ദേഹം “അറബ് വസന്ത” ത്തിനോടാണ് ഉപമിച്ചത്, രാജ്യത്തെ യുവാക്കളും കർഷകരും ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

അറബ് വസന്തം പല രാജ്യങ്ങളിലും നന്നായല്ല അവസാനിച്ചത് എന്ന വസ്തുതയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “സൈന്യം ഇവിടെ ജനങ്ങൾക്കെതിരെ രംഗത്തുവരുമെന്ന് ഞാൻ കരുതുന്നില്ല, കാരണം അവരെയും ഇതേ പ്രശ്‌നങ്ങൾ ബാധിക്കുന്നു. എന്നാൽ അറബ് വസന്തത്തിന്റെ അന്ത്യം പോലെയാകരുത്”

നിലവിൽ ശ്രീലങ്കൻ സർക്കാരിൽ രാഷ്ട്രീയ ശൂന്യതയാണ്. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചതിന് പിന്നാലെ സർക്കാരിന് ഒരു സ്ഥിരത നൽകാൻ ശ്രമിക്കുകയാണ് പ്രസിഡന്റ് ഗോതബയ.

മന്ത്രിമാരുടെ രാജി പ്രതിഷേധക്കാരെ ശാന്തരാക്കുമെന്ന് ഗോതബയ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് തവണ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാൽ അത് നടന്നില്ല. രാജപക്‌സെ ക്യാമ്പിലെ ചുരുക്കം ചിലർ മുന്നോട്ട് വരാനും പ്രതിസന്ധി പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. മാത്രമല്ല സർക്കാരിന്റെ മുഖം മിനുക്കിയുള്ള മാറ്റം അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലല്ല തെരുവ്. പ്രതിഷേധക്കാർ ഉയർത്തിയ ഒരു പ്ലക്കാർഡിൽ പറഞ്ഞപോലെ, “രാജിവയ്ക്കുക, പുനർവിന്യസിക്കരുത്” എന്നാണ് ജനങ്ങളുടെ ആവശ്യം.

ഏപ്രിൽ നാലിന് നിയമ മന്ത്രിസ്ഥാനം രാജിവച്ചതിന്റെ പിറ്റേന്ന് ധനമന്ത്രിയായി അലി സാബ്രി അധികാരമേറ്റിരുന്നു എന്നാൽ അതിന്റെ പിറ്റേന്ന് തന്നെ അദ്ദേഹം വീണ്ടും രാജി സമർപ്പിച്ചെങ്കിലും രാഷ്ട്രപതി അത് സ്വീകരിച്ചില്ല. അതുകൊണ്ട് അദ്ദേഹം ഇപ്പോഴും ധനമന്ത്രിയായി തുടരുകയാണ്.

തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ പ്രതിഷേധക്കാരോട് നാട്ടിലേക്ക് മടങ്ങാൻ അഭ്യർത്ഥന നടത്തിയിരുന്നു. നേരത്തെ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിൽ തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

രാജപക്‌സെ തനിക്ക് പ്രധാനമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന അഭ്യൂഹങ്ങൾ വിക്രമസിംഗെ നിഷേധിച്ചു.

“എന്നോട് ചോദിച്ചിട്ടില്ല, ചോദിച്ചാൽ തന്നെ, ഞാൻ തയ്യാറാവില്ല, കാരണം എനിക്ക് എന്ത് ചെയ്യാൻ കഴിയും? എനിക്ക് എങ്ങനെ ഭരണം നടത്താനാകും? ഞാൻ ഒറ്റയ്ക്കാണ് അംഗങ്ങൾ മാത്രമേ സർക്കാർ രൂപീകരിക്കാനാവൂ,” അദ്ദേഹം പറഞ്ഞു, എന്നാൽ ഭക്ഷ്യ പ്രതിസന്ധി എങ്ങനെ ലഘൂകരിക്കാമെന്ന് താൻ സർക്കാരിനെ ഉപദേശിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ പാർലമെന്റിൽ നടന്ന സർവകക്ഷി സമ്മേളനത്തിൽ താൻ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചതായി അദ്ദേഹം പറഞ്ഞു.

“നമുക്ക് സമയം തീർന്നു, ഇന്ധനം തീർന്നു, ഭക്ഷണം തീർന്നു. അതിനാൽ, ഐഎംഎഫുമായി ചർച്ചകൾക്ക് കാത്തിരിക്കുമ്പോൾ തന്നെ, ലോകബാങ്കിനോടും എഡിബിയോടും സംസാരിക്കുക, അവരിൽ നിന്ന് എന്ത് സഹായം ലഭിക്കുമെന്ന് നോക്കുക. രണ്ടാമതായി, ഇന്ത്യ, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയൻ എന്നീ ഒരു കൺസോർഷ്യം ഉണ്ടാക്കുക, അവർക്ക് എങ്ങനെ സഹായിക്കാനാകും എന്ന് നോക്കുക. മൂന്നാമതായി, ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന്, ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കടം വാങ്ങുകയും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തിരിച്ചുനൽകാനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കുകയും ചെയ്തു, ”അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഉദാരമായി സഹായിച്ചെന്ന് വിക്രമസിംഗെ പറഞ്ഞു. “ഇന്ത്യ ആവശ്യത്തിലധികം ചെയ്തിട്ടുണ്ട്. അവർ ഞങ്ങൾക്ക് 1.5 ബില്യൺ ഡോളർ നൽകി. അയൽപക്കത്തുള്ള മറ്റൊരു രാജ്യത്തിനും അവർ ഇത്തരത്തിൽ സഹായം നൽകിയിട്ടില്ല. അതുകൊണ്ട് നാം എന്നും അതിന് നന്ദികാണിക്കണം. എന്നാൽ അത് മെയിൽ അവസാനിക്കും, മറ്റ് സാധനങ്ങളും അരിയും എല്ലാം തീരും. പിന്നെ നമ്മൾ എന്ത് ചെയ്യും?” അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യയുമായി “നല്ല ബന്ധം” ആഗ്രഹിക്കുന്നു; കശ്മീർ പ്രശ്‌നവും ഉയർത്തിക്കാട്ടും: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sri lankas former pm ranil wickremesinghe to president gotabaya rajapaksa quit or explain why you wont