കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതാബായ രാജപക്സെ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചത്.
അതേസമയം രാജപക്സെ കുടുംബത്തിനെതിരെ ജനരോഷം നിലനില്‍ക്കവെ, പ്രസിഡന്റ് ഗോതബയ രാജപക്‌കെ രാജിവയ്ക്കില്ലെന്ന് ചീഫ് ഗവണ്‍മെന്റ് വിപ്പും ഹൈവേ മന്ത്രിയുമായ ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ വ്യക്തമാക്കി. ”പ്രസിഡന്റിനുവേണ്ടി 6.9 ദശലക്ഷം ആളുകള്‍ വോട്ട് ചെയ്തുവെന്ന് ഞാന്‍ ഓര്‍മിപ്പിക്കട്ടെ. ഒരു സാഹചര്യത്തിലും പ്രസിഡന്റ് രാജിവയ്ക്കില്ലെന്ന് ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ വ്യക്തമായി പറയുന്നു. ഞങ്ങള്‍ ഇത് നേരിടും,” അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്നു അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോതാബായ രാജപക്സെ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചത്.
സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരെ ഏപ്രില്‍ മൂന്നിന് രാജ്യ വ്യാപക പ്രതിഷേധം നടക്കാനിരിക്കെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് 36 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നെങ്കിലും ജനരോഷം തടയാന്‍ സര്‍ക്കാരിനോ സൈന്യത്തിനോ സാധിച്ചില്ല.
പ്രതിഷേധം അക്രമാസക്തമായതോടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ സ്വകാര്യ വസതിക്ക് സമീപം സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തകർത്തതിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പൊലീസ് വാഹനങ്ങളടക്കം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. സംഭവത്തെ തുടർന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കൊളംബോ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ശ്രീലങ്കയിലെ വിദേശനാണ്യ പ്രതിസന്ധി ഇന്ധനം, പാചക വാതകം തുടങ്ങിയ അവശ്യ സാധനങ്ങളുടെ ക്ഷാമത്തിലേക്ക് നയിച്ചു. ദിവസം 13 മണിക്കൂർ വരെ നീളുന്ന പവർ കട്ട് വരെ രാജ്യത്ത് നിലവില്‍ വന്നതോടെ ജനജീവിതം സ്തംഭിക്കുകയായിരുന്നു.
225 അംഗ പാർലമെന്റിൽ പ്രസിഡന്റ് ഗോതാബായ രാജപക്‌സെയുടെ ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലുമാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. 40 എംപിമാരാണ് ഭരണസംഖ്യത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്നത്. ഇന്ധനം, പാചകവാതകം, അവശ്യസാധനങ്ങൾ എന്നിവയ്ക്കായി ജനം മണിക്കൂറുകളോളാമാണ് ക്യൂ നില്‍ക്കുന്നത്.
Also Read: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും