രാമേശ്വരം: ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് തമിഴ്‌നാട് രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ രാമേശ്വരത്ത് പ്രതിഷേധം പുകയുന്നു. സമുദ്രാതിർത്തി ലംഘിച്ചെന്ന കാരണത്താലാണ് തിങ്കളാഴ്ച രാത്രി തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ ശ്രീലങ്കൻ സേന വെടിയുതിർത്തത്.

തിങ്കളാഴ്ച വൈകിട്ടാണ് തങ്കച്ചിമാടം ഹാർബറിൽ നിന്ന് യന്ത്രവത്കൃത ബോട്ടിൽ ആറ് പേർ ഉൾക്കടലിലേക്ക് പോയത്. രാത്രി പത്ത് മണിയോടെ ഉൾക്കടലിൽ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്പോഴാണ് ശ്രീലങ്കൻ നാവിക സേന ഇവിടേക്ക് എത്തിയത്. ബോട്ടിന്റെ മുകൾ തട്ടിൽ നിൽക്കുകയായിരുന്ന രാമനാഥപുരം തങ്കച്ചിമാടം സ്വദേശി ബ്രിറ്റ്‌സോ(21) ആണ് മരിച്ചത്. ഇയാളുടെ കഴുത്തിലാണ് വെടിയേറ്റത്. കൈക്ക് പരിക്കേറ്റ ശരൺ (37) ഇപ്പോൾ ആശുപത്രിയിലാണ്. ഇയാളുടെ മുറിവ് ബുള്ളറ്റ് കൊണ്ടുണ്ടായതല്ലെന്നാണ് വിവരം.

സംഭവം നടന്ന ഉടൻ തന്നെ ബോട്ടിലുണ്ടായിരുന്നവർ ബോട്ടുടമയെ വിവരമറിയിച്ചിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സഹായം ലഭ്യമാക്കാൻ ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. എന്നാൽ കോസ്റ്റ് ഗാർഡിന്റെ സഹായം എത്താൻ വൈകി. ഏതാണ്ട് 20 മിനിറ്റ് സമയം കൊണ്ട് തങ്കച്ചിമാടം ഹാർബറിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ പിന്നീട് പ്രതിഷേധിക്കുകയായിരുന്നു. ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് സുരക്ഷയില്ലെന്ന് കാട്ടിയാണ് ഇവർ പ്രതിഷേധിച്ചത്.

ഇന്ന് രാവിലെ തങ്കച്ചിമാടം ഹാർബറിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും മരിച്ച ബ്രിറ്റ്‌സോയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകളും ശ്രീലങ്കൻ ഗവവൺമെന്റും മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണം നൽകണമെന്നാണ് ഇവരുടെ ആവശ്യം. മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഈ പ്രശ്നത്തിന് എന്തുകൊണ്ട് ഇനിയും പരിഹാരം കണ്ടെത്താനാവുന്നില്ലെന്ന് അവർ ചോദിച്ചു.

അതേസമയം കേന്ദ്ര സർക്കാർ ശ്രീലങ്കയോട് വിഷയത്തിൽ പ്രതിഷേധം അറിയിക്കണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് സർക്കാർ മരിച്ച ബ്രിറ്റ്‌സോയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ