കൊളംബോ: ശ്രീലങ്കൻ സമുദ്രാതിർത്തി അഥിക്രമിച്ച കടന്ന ഇന്ത്യയിൽ നിന്നുള്ള മീൻപിടിത്ത ബോട്ട് ശ്രീലങ്കൻ സേന പിടികൂടി. ഇതിലുണ്ടായിരുന്ന രണ്ട് ഇന്ത്യാക്കാരെയും 30 റോഹിംഗ്യക്കാരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 15 ദിവസം പ്രായമായ കുഞ്ഞുൾപ്പടെ 16 പേർ കുട്ടികളാണ്.

ശ്രീലങ്കയുടെ വടക്കൻ അതിർത്തി ലംഘിച്ച് ജാഫ്ന ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് ഈ കപ്പൽ പിടിയിലായത്. “പതിവിൽ അധികം ആളുകളെ ബോട്ടിൽ കണ്ടതിനെ തുടർന്നാണ് ശ്രീലങ്കൻ സേന ബോട്ട് കസ്റ്റഡിയിലെടുത്തത്.

റോഹിംഗ്യൻ അഭയാർത്ഥികളായ ഏഴ് പുരുഷന്മാരും ഏഴ് സ്ത്രീകളുമായിരുന്നു സംഘത്തിൽ ബാക്കിയുണ്ടായിരുന്നത്. ഇവരെ ശ്രീലങ്കയിലേക്ക് എത്തിക്കാനായിരുന്നു ഇന്ത്യൻ ബോട്ടിൽ കൊണ്ടുപോയതെന്നാണ് നിഗമനം.

നേരത്തേ മ്യാന്മറിലെ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണ് ഈ മുപ്പതംഗ സംഘം. സംഘത്തെ പ്രാദേശിക അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തു.

ബുദ്ധ മതക്കാർ ഏറെയുള്ള മ്യാന്മാറിൽ റോഹിംഗ്യൻ മുസ്ലിം സമുദായക്കാർക്കെതിരെ കടുത്ത വിവേചനമാണുള്ളത്. ഇവർ ഏറെയുള്ള റാഖൈൻ സംസ്ഥാനത്ത് ഇവരെ പൗരന്മാരായി പോലും കണക്കാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവർ ഇതര രാജ്യങ്ങളിൽ അഭയം തേടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ