കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്‌സെ തിരഞ്ഞെടുക്കപ്പെട്ടു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സജിത്ത് പ്രേമദാസയെയാണ് ഗോതാബായ രാജപക്‌സെ പരാജയപ്പെടുത്തിയത്. രാജപക്‌സെ 48.2 ശതമാനം വോട്ടും പ്രേമദാസ 45.3 ശതമാനം വോട്ടുമാണ് നേടിയത്.

മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമാണ് ഗോതാബായ രാജപക്‌സെ. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ അണുര കുമാര ദിസ്സനായകെ മൂന്നാമതാണ് എത്തിയത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

ശനിയാഴ്ചയായിരുന്നു ശ്രീലങ്കയില്‍ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ 15 വര്‍ഷമായി തകര്‍ന്നു കിടക്കുന്ന രാ്ജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുകയായിരിക്കും പുതിയ നേതൃത്വത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. കഴിഞ്ഞ ഈസ്റ്ററിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനം രാജ്യത്തേക്കുള്ള നിക്ഷേപകരുടെ വരവില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധക്കാലത്ത് ഗോതാബായ പ്രതിരോധ സെക്രട്ടറിയായിരുന്നു. തമിഴ്പുലികളെ അടിച്ചമര്‍ത്തിയതിലും 26 വര്‍ഷത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിലും അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഇത് സിംഹള ബുദ്ധിസ്റ്റുകള്‍ക്കിടയില്‍ ഗോതാബായ്ക്ക് താരപരിവേഷം നേടിക്കൊടുത്തിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ സജിത്തിനായിരുന്നു. അധികാരത്തിലെത്തിയാല്‍ ആഭ്യന്തര യുദ്ധകാലത്തെ മനുഷ്യാവകാശം ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കില്ലെന്ന് ഗോതാബായ പറഞ്ഞിരുന്നു. രാജ്യത്തെ തമിഴരെ പ്രതിനിധീകരിക്കുന്ന തമിഴ് ദേശീയ സഖ്യം സജിത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ വിക്രമസിംഗെ മന്ത്രിസഭയില്‍ ഭവനവകുപ്പ് മന്ത്രിയാണ് സജിത്ത്. ഗോതാബായയുടെ വിജയം ഇന്ത്യയ്ക്കും അത്ര രുചിക്കില്ല. ചൈനയുമായി മഹിന്ദ രാജപക്‌സെയും ഗോതാബായയും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook