കൊളംബോ: ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയിൽ 150 ലധികം പേരാണ് കൊല്ലപ്പെട്ടത്. ചാവേറുകൾ ശ്രീലങ്കയിലെ പ്രധാന പളളികളെയും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു. ശ്രീലങ്ക പൊലീസ് മേധാവി പുജുത ജയസുന്ദര ഉന്നത ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 11 ന് ഇന്റലിജൻസ് മുന്നറിയിപ്പ് അയച്ചിരുന്നു. മുസ്‌ലിം ഗ്രൂപ്പായ നാഷണൽ തൗഹീത് ജമാഅത്ത് (NTJ) ചാവേറാക്രമണത്തിന് പദ്ധതിയിടുന്നുവെന്നായിരുന്നു മുന്നറിയിപ്പെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.

”നാഷണൽ തൗഹീത് ജമാഅത്ത് (NTJ) ശ്രീലങ്കയിലെ പ്രധാന പളളികളെയും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും ലക്ഷ്യമാക്കി ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജൻസി വിവരം നൽകിയിട്ടുണ്ട്,” മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷം ബുദ്ധ പ്രതിമകൾ തകർത്തതുമായി ബന്ധപ്പെട്ടാണ് നാഷണൽ തൗഹീത് ജമാഅത്തിനെക്കുറിച്ചുളള വാർത്തകൾ പുറത്തുവന്നത്.

ശ്രീലങ്കയിലെ വിവിധ ഇടങ്ങളിലായി 8 സ്‌ഫോടനങ്ങളാണുണ്ടായത്. ഇതിൽ പളളികളുമുണ്ട്. ഈസ്റ്റർ ദിന പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു സ്‌ഫോടനം. സ്‌ഫോടനങ്ങളിൽ 400 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടികാലോയിലെ ഇവാഞ്ചലിക്കൽ ചർച്ച് എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനം.

Sri Lanka bomb blasts LIVE Updates

ഫൈവ് സ്റ്റാർ ഹോട്ടലുകളായ ഷാങ്ഗ്രി ലാ, സിന്നമോൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. പിന്നീടുണ്ടായ രണ്ടു സ്‌ഫോടനങ്ങളും കൊളംബിയയിലായിരുന്നു. കൊളംബോ മൃഗശാലയ്ക്ക് സമീപത്തുളള ഹോട്ടലിലും മറ്റൊന്ന് ഹൗസിങ് കോംപ്ലക്സിലുമായിരുന്നു.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളിൽ ഇന്ത്യ ശക്തമായി അപലപിച്ചു. ഭീകരവാദത്തെ നേരിടാൻ ആഗോള തലത്തിൽ നടപടികൾ വേണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook