scorecardresearch

Sri Lanka Crisis News: ലങ്കയിൽ ഇടക്കാല സർക്കാർ; നാല് മന്ത്രിമാർ ചുമതലയേറ്റു

മന്ത്രിമാർ തങ്ങളുടെ രാജി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രിയും സഭാ നേതാവുമായ ദിനേശ് ഗുണവർധന മാധ്യമപ്രവർത്തകരോട് പറഞ്ഞു

sri lanka protest
Photo: Screengrab

Sri Lanka Crisis News: ശ്രീലങ്കയിൽ പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപികരിച്ചു. നാല് മന്ത്രിമാർ ചുമതലയേറ്റു. ധനമന്ത്രിയായിരുന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ സഹോദരൻ ബേസിൽ രാജപക്സെയ്ക്കു സ്ഥാനം നഷ്ടമായി. നിയമ, പാർലമെന്ററി മന്ത്രിയായിരുന്ന അലി സബ്രി ധനമന്ത്രിയായി ചുമതലയേറ്റു. ജി.എൽ.പീരിസ് വിദേശകാര്യമന്ത്രിയായും ദിനേശ് ഗുണവർധന വിദ്യാഭ്യാസ മന്ത്രിയായും ജോൺസ്റ്റൺ ഫെർണാണ്ടോ ഗതാഗത മന്ത്രിയായും തുടരും.

അതേസമയം, പ്രസിഡന്റ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് രാജ്യത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രസിഡന്റിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.

26 മന്ത്രിമാരുടെയും രാജി സ്വീകരിച്ചു; മന്ത്രിസഭയിൽ ചേരാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് ഗോട്ടബയ രാജപക്സെ

ശ്രീലങ്കൻ മന്ത്രിസഭയിലെ 26 മന്ത്രിമാരുടെയും രാജി സ്വീകരിച്ചതായി പ്രസിഡന്റ് ഗോട്ടോബയ രാജപക്സെ അറിയിച്ചു. പ്രതിസന്ധി നേരിടാൻ ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് തീരുമാനം. ഇതിനായി മന്ത്രിസഭയിൽ ചേരാൻ പ്രതിപക്ഷ പാർട്ടികളെ പ്രസിഡന്റ് ക്ഷണിച്ചു. എല്ലാവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന 36 മണിക്കൂർ കർഫ്യു തിങ്കളാഴ്ച രാവിലെ പിൻവലിച്ചു. അതിനിടെ ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ അജിത് നിവാർഡ് കബ്രാൽ രാജിവെച്ചു. മന്ത്രിമാരുടെ കൂട്ടരാജിയെ സെൻട്രൽ ബാങ്ക് ഗവർണറും രാജിവച്ചത്.

ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭങ്ങൾ തുടരുന്നു; മന്ത്രിസഭയിൽ കൂട്ടരാജി

എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ രാഷ്ട്രീയപ്രതിസന്ധിയും. ശ്രീലങ്കൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഞായറാഴ്ച രാത്രി രാജിവച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാർ തങ്ങളുടെ രാജി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രിയും സഭാ നേതാവുമായ ദിനേശ് ഗുണവർധന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ കൂട്ടരാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. വിദേശനാണ്യ കരുതൽ ശേഖരത്തിലെ കുറവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി സർക്കാർ തെറ്റായി കൈകാര്യം ചെയ്തതിന്റെ പേരിൽ പൊതുജനങ്ങൾ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് മന്ത്രിമാരെ സമ്മർദ്ദത്തിലാക്കി എന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭങ്ങൾ തുടരുകയാണ്. ഇന്നലെ വൈകുന്നേരം വരെയും വിവിധയിടങ്ങളിൽ പ്രതിഷേധ റാലികളും മറ്റുമുണ്ടായിരുന്നു. പ്രക്ഷോഭങ്ങൾ തടയുന്നതിനായി പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ചതിനും സർക്കാർ വിരുദ്ധ റാലി നടത്താൻ ശ്രമിച്ചതിനും ശ്രീലങ്കയുടെ പശ്ചിമ പ്രവിശ്യയിൽ മാത്രം 600ൽ അധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ശ്രീലങ്കൻ സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Also Read: ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്: ഡീസല്‍ നല്‍കി; 40,000 ടൺ അരി ഉടന്‍ എത്തിക്കും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sri lanka economic crisis news curfew foreign aid updates