കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 13 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ ജിഹാദി ഗ്രൂപ്പുകളുടെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പക്ഷേ ഏതു ഗ്രൂപ്പാണെന്ന് പൊലീസ് ഇതുവരെ പറഞ്ഞിട്ടില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിനമൺ ഗ്രാൻ ഹോട്ടലിൽനിന്നും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ആറു മാസമായി കുടുംബവുമായി യാതൊരു ബന്ധവുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ഈ മാസമാദ്യം ശ്രീലങ്കയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് ശ്രീലങ്കൻ അധികൃതർക്ക് ഇന്ത്യ കൈമാറിയിരുന്നുവെന്ന് ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നുമുളള വൃത്തങ്ങളിൽനിന്നും ദി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി ഏപ്രിൽ 11 ന് രാജ്യത്താകമാനം മുന്നറിയിപ്പ് നൽകിയത്. നാഷണൽ തൗഹീദ് ജമാഅത്ത് എന്നൊരു സംഘടന ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും പളളികളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.

Read: ശ്രീലങ്കയിലെ സ്‌ഫോടനം: 7 പേർ അറസ്റ്റിൽ, മരിച്ചവരില്‍ മൂന്ന് ഇന്ത്യക്കാരും

പക്ഷേ, മുന്നറിയിപ്പ് ലഭിച്ചിട്ടും ശ്രീലങ്കൻ പൊലീസ് ജാഗ്രത കാട്ടിയില്ല. ഏപ്രിൽ 12 ന് സിംഗള പുതുവർഷ ദിനവും തുടർന്നിങ്ങോട്ട് ദുഃഖ വെളളി, ഈസ്റ്റർ ആയതിനാൽ രാജ്യത്ത് വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കുമൊക്കെ അവധിയായിരുന്നു. ഇതുമൂലം സുരക്ഷാ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് വേണ്ടത്ര നടപടികൾ സ്വീകരിക്കാൻ പൊലീസ് ശ്രമിച്ചില്ല.

എൽടിടിയുമായുളള ആഭ്യന്തര യുദ്ധം അവസാനിച്ചശേഷം കൊളംബോയിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെയുണ്ടായത്. 8 സ്‌ഫോടനങ്ങളിലായി 200 ലധികം പേരാണ് മരിച്ചത്. 500 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ഒരു മലയാളി വനിതയുമുണ്ട്. കാസർകോട്ടു വേരുകളുളള റസീന ഖാദർ (61) ആണ് കൊല്ലപ്പെട്ടത്. മൂന്നു ഇന്ത്യൻ പൗരന്മാരും കൊല്ലപ്പെട്ടു. നാരായൺ ചന്ദ്രശേഖർ, രമേഷ്, ലക്ഷ്മി എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook