Sri Lanka crisis: കൊളംബോ: മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സയും മുന്‍ ധനമന്ത്രി ബേസില്‍ രാജപക്സയും ജൂലൈ 28 വരെ അനുമതിയില്ലാതെ രാജ്യം വിടുന്നതു തടഞ്ഞ് ശ്രീലങ്കന്‍ സുപ്രീം കോടതി. 28 വരെയാണു വിലക്കെന്നു അഴിമതി വിരുദ്ധ ഗ്രൂപ്പായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ശ്രീലങ്ക അറിയിച്ചു.
സെന്‍ട്രല്‍ ബാങ്ക് രണ്ട് മുന്‍ ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെ മറ്റു മൂന്നു മുന്‍ ഉദ്യോഗസ്ഥര്‍ക്കു കൂടി 28 വരെ കോടതിയുടെ അനുമതിയില്ലാതെ ശ്രീലങ്ക വിടാന്‍ കഴിയില്ലെന്നു ട്രാന്‍സ്പരന്‍സി ട്വീറ്റ് ചെയ്തു.
ശ്രീലങ്കയില്‍ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രസിഡന്റായിരുന്ന ഗോട്ടബയ രാജപക്‌സ ചൊവ്വാഴ്ച അര്‍ധരാത്രി രാജ്യം വിട്ടിരുന്നു. ഇതിനു പിന്നാലെയാണു മറ്റ് ഗോട്ടബയയുടെ സഹോദരന്‍ മഹിന്ദ രാജപക്സ ഉള്‍പ്പെടെ അഞ്ചുപേര്‍ രാജ്യം വിടുന്നതു സുപ്രീം കോടതി വിലക്കിയത്.
ഭാര്യയ്‌ക്കൊപ്പം സൈനിക വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ മാലദ്വീപിലെത്തിയ ഗോട്ടബയ ഇന്നലെ അവിടെനിന്ന് സിംഗപ്പൂരിലേക്കു പോയിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള തന്റെ രാജി ഇമെയിലില്‍ മുഖേനെ പാര്‍ലമെന്റ് സ്പീക്കറെ അറിയിച്ചു. സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന രാജി അംഗീകരിച്ചതിനു പിന്നാലെ, നിലവിലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ഇന്നു സത്യപ്രതിജ്ഞ ചെയ്തു.
പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നവരെയാണു റെനില്‍ വിക്രമസിംഗെ ആ ചുമതല വഹിക്കുക. ശനിയാഴ്ച പാര്‍ലമെന്റ് യോഗം ചേരുമെന്നും ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ച് ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നു സ്പീക്കര്‍ അറിയിച്ചതായി ഡെയ്ലി മിറര്‍ ലങ്ക റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ സാധ്യതയുണ്ട്. ഇതിനു പിന്നീട് പാര്‍ലമെന്റിന്റെ അംഗീകാരം വേണ്ടതുണ്ട്. റെനില്‍ വിക്രമസിംഗെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള സാധ്യതകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രക്ഷോഭകര്‍ മാസങ്ങളായി ഗോട്ടബയയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. ഏറ്റവും ഒടുവില്‍ പ്രക്ഷോഭകര്‍ ഗോട്ടബയയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ കയ്യേറുന്നതിലേക്കു നയിച്ചതോടെയാണ് അദ്ദേഹം രാജ്യം വിട്ടത്. ഗോട്ടബയ രാജിക്കത്ത് സ്പീക്കര്‍ക്കു കൈമാറിയതോടെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്നു പ്രക്ഷോഭകര്‍ ഒഴിഞ്ഞുപോയി. പൊതുമുതല്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണു പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞത്. ഇതിനുപിന്നാലെ ഇവിടങ്ങളില്‍ സൈന്യം സുരക്ഷ പുനസ്ഥാപിച്ചു.