/indian-express-malayalam/media/media_files/uploads/2022/07/Gotabaya-Rajapaksa-.jpg)
കൊളംബൊ: ശ്രീലങ്കയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഗോട്ടബ രാജപക്‌സ. തന്റെ രാജിക്കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോട്ടബയയുടെ രാജിക്കത്ത് ഇന്നു ചേര്‍ന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വായിക്കുകയായിരുന്നു.
അതിനിടെ, ശ്രീലങ്കയിലേക്ക് ഇന്ധന ഇറക്കുമതി വീണ്ടും ആരംഭിച്ചു. മൂന്ന് ഇന്ധന ഷിപ്പ്‌മെന്റുകളില്‍ ആദ്യത്തേത് ഇന്നു ലഭിച്ചതായി ഊര്‍ജ മന്ത്രി കാഞ്ചന വിജശേഖരയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചയ്ക്കിടെ ശ്രീലങ്കയിലെത്തുന്ന ആദ്യ ഷിപ്പ്മെന്റുകളാണിത്.
ശ്രീലങ്കയുടെ ജനാധിപത്യത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക വീണ്ടെടുപ്പിനും തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കി. ഇന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗോപാല്‍ ബഗ്ലേ ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയെ സന്ദര്‍ശിച്ചാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയ്ക്കയുടെ വിദേശ സഹായത്തിന്റെ ഈ വര്‍ഷത്തെ പ്രധാന സ്രോതസ് ഇന്ത്യയാണ്.
പുതിയ പ്രസിഡന്റ് ജൂലൈ 20 ന് തിരഞ്ഞെടുക്കപ്പെടുമെന്നാണു പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. 2024 ല്‍ അവസാനിക്കുന്ന രാജപക്സയുടെ ശേഷിക്കുന്ന ഭരണകാലയളവ് വരെയാണു പുതുതായി തിരെഞ്ഞെടുക്കപ്പെടുന്നയാള്‍ അധികാരത്തിലുണ്ടാകുക. ഇടക്കാല പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ സാധ്യതയുണ്ട്. ഈ നിയമനം പിന്നീട് പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്.
പലായനം ചെയ്ത ഗോട്ടബയുടെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സയും മുന്‍ ധനമന്ത്രി ബേസില്‍ രാജപക്‌സയും അനുമതിയില്ലാതെ രാജ്യം വിടുന്നതു 28 വരെ ശ്രീലങ്കന്‍ സുപ്രീം കോടതി വിലക്കിയിരിക്കുകയാണ്. സെന്‍ട്രല്‍ ബാങ്ക് രണ്ട് മുന്‍ ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെ മറ്റു മൂന്നു മുന്‍ ഉദ്യോഗസ്ഥര്‍ക്കും 28 വരെ കോടതിയുടെ അനുമതിയില്ലാതെ ശ്രീലങ്ക വിടാന്‍ കഴിയില്ലെന്നു അഴിമതി വിരുദ്ധ ഗ്രൂപ്പായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ശ്രീലങ്ക ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഗോട്ടബയ രാജപക്സ രാജ്യത്തുനിന്നു പിന്നാലെയാണു മറ്റ് മഹിന്ദ രാജപക്‌സ ഉള്‍പ്പെടെ അഞ്ചുപേര്‍ രാജ്യം വിടുന്നതു കോടതി വിലക്കിയത്. തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായതോടെയാണു ഗോട്ടബയ പലായനം ചെയ്തത്.
ഭാര്യയ്ക്കൊപ്പം സൈനിക വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ മാലദ്വീപിലെത്തിയ ഗോട്ടബയ അവിടെനിന്ന് വ്യാഴാഴ്ച സിംഗപ്പൂരിലേക്കു പോയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി ഇമെയിലില്‍ മുഖേനെ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയെ അറിയിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രക്ഷോഭകര്‍ മാസങ്ങളായി ഗോട്ടബയയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. ഏറ്റവും ഒടുവില്‍ പ്രക്ഷോഭകര്‍ ഗോട്ടബയയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ കയ്യേറുന്നതിലേക്കു നയിച്ചതോടെയാണ് അദ്ദേഹം രാജ്യം വിട്ടത്. ഗോട്ടബയ രാജിക്കത്ത് സ്പീക്കര്‍ക്കു കൈമാറിയതോടെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്നു പ്രക്ഷോഭകര്‍ ഒഴിഞ്ഞുപോയി. പൊതുമുതല്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണു പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞത്. ഇതിനുപിന്നാലെ ഇവിടങ്ങളില്‍ സൈന്യം സുരക്ഷ പുനസ്ഥാപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.