കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. 225 അംഗ പാർലമെന്റിൽ 134 വോട്ടുകൾ നേടിയാണ് ജയം. പ്രതിപക്ഷ പിന്തുണയുള്ള ഭരണകക്ഷിയായ ശ്രീലങ്കൻ പൊതുജന പെരമുനയുടെ (എസ്എൽപിപി) വിമത നേതാവ് ഡല്ലാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടും ഇടതുപക്ഷ ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) അനുര കുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടും ലഭിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സ രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗോട്ടബയ രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രി ആയിരുന്ന റനിൽ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവും സമാഗി ജന ബലവേഗ (എസ്ജെബി) സ്ഥാനാർത്ഥിയുമായ സജിത് പ്രേമദാസ അലഹപ്പെരുമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു മത്സരരംഗത്ത് നിന്ന് മാറിയതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലേക്ക് മാറിയത്. തന്റെ തീരുമാനം രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന്, 1993-ൽ എൽ.ടി.ടി.ഇ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട പ്രസിഡൻറ് രണസിംഗെ പ്രേമദാസയുടെ മകൻ പ്രേമദാസ പറഞ്ഞിരുന്നു.
ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം. ഈ പ്രതിസന്ധിയിൽ ശ്രീലങ്കയെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യയിലെ മറ്റു രാഷ്ട്രീയ നേതാക്കളോടും അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.
പ്രതിപക്ഷ സ്ഥാനാർഥിയായ അലഹപ്പെരുമ മുൻ വാർത്താവിതരണ മന്ത്രിയായിരുന്നു. പ്രതിപക്ഷ കക്ഷികളിലെ ചെറുപാർട്ടികളിലൊന്നായ ജെവിപിയുടെ നേതാവാണ് ദിസനായകെ. അദ്ദേഹത്തിന്റെ പാർട്ടിയും പ്രതിഷേധ സമരത്തെ പിന്തുണച്ചിരുന്നു.
മുൻപ് ആറ് തവണ പ്രധാനമന്ത്രിയായിട്ടുള്ള നേതാവാണ് വിക്രമസിംഗെ. പാർട്ടി വോട്ടുകൾ ഗണ്യമായി വിഭജിക്കാൻ അലഹപ്പെരുമയ്ക്ക് കഴിയാതിർന്നതോടെയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്.
സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ പ്രസിഡന്റിനെ ജനകീയ പ്രക്ഷോഭകര്‍ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. റനില്‍ രാജപക്സ കുടുംബത്തിന്റെ നോമിനിയാണണ് റനിൽ എന്നാണ് ജനകീയ പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും പ്രതിഷേധങ്ങൾക്ക് ഇടയുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല പ്രസിഡന്റ് റനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.