കൊളംബം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ജനരോഷം നിയന്ത്രിക്കുന്നതിനായി ദേശീയ അടിയന്തരാവസ്ഥക്ക് പുറമെ 36 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. തിങ്കളാഴ്ച വൈകിട്ട് ആറ് വരെ കര്‍ഫ്യു തുടരും. രാജ്യവ്യാപക പ്രതിഷേധം പ്രതിപക്ഷം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു നടപടി.
പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്കയെ കൈപിടിച്ചുയര്‍ത്താനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ക്രെഡിറ്റ് ലൈൻ കരാറില്‍ ഒപ്പുവച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാന ഭക്ഷ്യ സഹായമായി വ്യാപാരികൾ ശ്രീലങ്കയിലേക്ക് 40,000 ടൺ അരി കയറ്റിയയക്കുന്ന നടപടിയിലേക്ക് കടന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ധനക്ഷാമം മൂലം ശ്രീലങ്കയില്‍ പവര്‍ കട്ട് എട്ടര മണിക്കൂറാണ് നിലവില്‍. ഇതിന് പരിഹാരം കാണുന്നതിനായി 40,000 മെട്രിക് ടണ്‍ ഡീസലാണ് ഇന്നലെ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയില്‍ എത്തിച്ചത്. 1996 ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പവര്‍ കട്ടാണ് നിലവില്‍ രാജ്യത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ പവര്‍കട്ട് 13 മണിക്കൂറോളം നീണ്ടിരുന്നു.
അതേസമയം, ക്രമസമാധാനം നിലനിർത്താൻ ഇന്ത്യൻ ആര്‍മി ലങ്കയില്‍ എത്തിയെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങള്‍ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം തള്ളി. അടിയന്തരാവസ്ഥയെ നേരിടാൻ പ്രാദേശിക സൈനികർ പ്രാപ്തരാണെന്നും പുറത്തുനിന്നുള്ള സഹായമൊന്നും ആവശ്യമില്ലെന്നും പ്രതിരോധ മന്ത്രാലയം സെക്രട്ടറി കമൽ ഗുണരത്‌നെ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു ശ്രീലങ്കയിൽ പ്രതിഷേധം കനത്തത്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് ഗോതാബായ രാജപക്‌സെ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.രാജി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്കും പ്രതിഷേധ മാര്‍ച്ചുണ്ടായി.
Also Read: Russia-Ukraine War News: കീവിന്റെ പൂര്‍ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി യുക്രൈന്‍