ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും നേരിടുന്ന ശ്രീലങ്കയിലെ സാഹചര്യം വിശകലനം ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ശ്രീലങ്കയിലെ സ്ഥിതിഗതികളെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ധരിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
അതിനിടെ, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത വിവിധ പാർട്ടികളുടെ യോഗത്തിൽ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ശ്രീലങ്കയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഡിഎംകെ നേതാവ് ടി ആർ ബാലുവും എഐഎഡിഎംകെ നേതാവ് എം തമ്പിദുരൈയും തങ്ങള്‍ യോഗത്തിലുന്നയിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ശ്രീലങ്കയിലെ തമിഴ് ജനതയുടെ പ്രതിസന്ധി ഉയര്‍ത്തിക്കാണിച്ചായിരുന്നു നേതാക്കളുടെ പരാമര്‍ശങ്ങള്‍.
ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ശ്രീലങ്കയിലെ സാഹചര്യം സംബന്ധിച്ചുള്ള വിശദീകരണം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ജൂലൈ 19 ന് വൈകുന്നേരം നടത്തുമെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നിർണായക ഘട്ടത്തിൽ നിൽക്കുന്ന ശ്രീലങ്കയുടെ ജനാധിപത്യത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക വീണ്ടെടുപ്പിനും പിന്തുണ നൽകുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധനയ്ക്ക് ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേയാണ് ഇക്കാര്യത്തില്‍ ഉറപ്പ് നൽകിയത്.