കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരായ ജനരോഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലച്ചു. പ്രസിഡന്റ് ഗോതാബായ രാജപക്സെയുടെ സ്വകാര്യ വസതിയിലേക്കു നൂറുകണക്കിനു പേരാണ് പ്രതിഷേധവുമായി എത്തിയത്. ഗോതാബായയുടെ രാജിയായിരുന്നു ആവശ്യം. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് കണ്ണീര്‍ വാതകവവും ജലപീരങ്കിയും പ്രയോഗിച്ചു.
പ്രധാന നഗരമായ കൊളംബോയിലെ പല മേഖലകളിലായായിരുന്നു കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനത്തിന്റെ നാല് മേഖലകളില്‍ കര്‍ഫ്യൂ എര്‍പ്പെടുത്തിയതായി പൊലീസ് സീനിയര്‍ സൂപ്രണ്ട് അമല്‍ എദിരിമനെ അറിയിച്ചിരുന്നു.
ഹെല്‍മെറ്റുകള്‍ ധരിച്ചായിരുന്നു പ്രതിഷേധക്കാരെത്തിയത്. മതിൽ പൊളിച്ച് പൊലീസിനുനേരെ ഇഷ്ടിക എറിഞ്ഞ് ജനം പ്രതിഷേധിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെയുണ്ടായത്. ഗോതാബായയുടെ വസതിയിലേക്കു പോകുന്ന റോഡിലുണ്ടായിരുന്ന ബസ് പ്രതിഷേധക്കാര്‍ കത്തിച്ചു.
ഇന്ധന ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യം സർക്കാരിന്റെ പക്കലില്ലാത്തതിനാൽ 12 മണിക്കൂറിലധികം ലങ്കയില്‍ പവര്‍ കട്ടാണ്. വൈദ്യുതി ലാഭിക്കുന്നതിനായി സർക്കാർ തെരുവുവിളക്കുകൾ അണയ്ക്കുകയാണെന്ന് വൈദ്യുതി മന്ത്രി പവിത്ര വണ്ണിയാരാച്ചി അറിയിച്ചു.
അവശ്യസാധനങ്ങളുടെ ദൗർലഭ്യവും വിലക്കയറ്റവും നേരിടുന്ന ജനതയുടെ ആശങ്കകള്‍ വർധിപ്പിക്കുന്നതാണ് പവർ കട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാർച്ചിൽ റീട്ടെയിൽ പണപ്പെരുപ്പം 18.7 ശതമാനത്തിലെത്തിയെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. ഭക്ഷ്യവിലപ്പെരുപ്പം മാർച്ചിൽ 30.2 ശതമാനത്തിലെത്തി.