കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോയിലെ പള്ളിക്ക് സമീപമാണ് വാനില്‍ വച്ച് സ്‌ഫോടനം ഉണ്ടായത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും എയര്‍ ഫോഴ്‌സും ചേര്‍ന്ന് ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊളംബോയിലെ പ്രധാന ബസ് സ്റ്റാൻഡിൽ നിന്ന് 87 ഓളം ബോംബ് ഡിറ്റനേണറ്ററുകൾ കണ്ടെത്തിയിരുന്നു. ഇത് നിർവീര്യമാക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.

അതേസമയം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധ രാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. പ്രസിഡന്റ് മെെത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ തീരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികൾ ഇന്ത്യ വഴി രക്ഷപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇത്. കേരള തീരത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ലങ്കയിലെ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രാദേശിക ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെന്നാണ് സ്ഥിരീകരണം. നാഷണല്‍ തൗഹീത്ത് ജമാത്തെ ആണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് സ്ഥിരീകരണം. മന്ത്രി രജിത സെനരത്‌നയാണ് ഇക്കാര്യം അറിയിച്ചത്.

ശ്രീലങ്കയിൽ നടന്ന സ്‌ഫോടന പരമ്പരയിൽ ആറു ഇന്ത്യക്കാർ മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചവരിൽ നാലുപേർ ജെഡിഎസ് പ്രവർത്തകരാണെന്നും 7 പേരടങ്ങിയ സംഘത്തിലെ 3 പേരെ കാണാനില്ലെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.

ഇന്നലെ ഒരു മലയാളി വനിത ഉൾപ്പെടെ നാലു ഇന്ത്യക്കാർ മരിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മലയാളി വനിത റസീന ഖാദർ, നാരായൺ ചന്ദ്രശേഖർ, രമേഷ്, ലക്ഷ്മി എന്നിവരാണ് മരിച്ചത്.

അതിനിടെ, സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 24 ആയി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. മത തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം.

Read: ശ്രീലങ്കയിലെ സ്‌ഫോടനം: ഇന്ത്യ മുന്നറിയിപ്പ് നൽകി, ശ്രീലങ്കൻ പൊലീസ് ജാഗ്രത കാട്ടിയില്ല

ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. 300 ലധികം പേരാണ് കൊല്ലപ്പെട്ടത്. 500 ലധികം പേർക്ക് പരുക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്‌ഫോടനമുണ്ടായി.

ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook