കോവിഡ്-19 വ്യാപനത്തെത്തുടർന്ന് വിവാഹ ചടങ്ങുകൾക്കു പ്രഖ്യാപിച്ചിരുന്ന നിരോധനം ശ്രീലങ്ക എടുത്തുമാറ്റി. നിരോധനം എടുത്തുമാറ്റിയെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ വിവാഹ ചടങ്ങുകൾ നടത്താനാവൂ. അത്തരം നിയന്ത്രണങ്ങളിലൊന്നാണ് വരൻ വധുവിനെ ചുംബിക്കരുതെന്നത്. ചുരുങ്ങിയത് പരസ്യമായിട്ടെങ്കിലും വരൻ വധുവിനെ ചുംബിക്കരുതെന്ന് വിവാഹച്ചടങ്ങുകൾക്കായുള്ള നിബന്ധനയിൽ പറയുന്നു.

ആയിരക്കണക്കിന് അതിഥികളെയും ക്ഷണിച്ചാണ് ശ്രീലങ്കയിലെ സമ്പന്ന വിവാഹച്ചടങ്ങുകൾ പലതും നടക്കാറ്. ആഘോഷങ്ങൾ ദിവസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യും.

വിവാഹച്ചടങ്ങ് നടത്താമെങ്കിലും കുറച്ച് കാലത്തേക്ക് അതിഥികളുടെ എണ്ണത്തിലും ആഘോഷങ്ങളിലും നിയന്ത്രണം വേണമെന്ന് ശ്രീലങ്കൻ സർക്കാർ പറയുന്നു. 100 പേരെ വരെ വിവാഹച്ചടങ്ങുകളിൽ പങ്കെടുപ്പിക്കാം.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും നിബന്ധനകളുണ്ട്. കേരളത്തിലെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും സാമൂഹിക അകല നിയന്ത്രണങ്ങളെപ്പോലെ ചിലത്. പരസ്പരം കെട്ടിപ്പിടിക്കുന്നതിനും ഷേക്ക്ഹാൻഡ് ചെയ്യുന്നതിനും ചുംബിക്കരുതിനും വിലക്കുണ്ട്. പരസ്പരം സ്പർശിക്കാതെ വേണം പരസ്പരം അഭിവാദ്യം ചെയ്യേണ്ടത്, വിവാഹത്തിനെത്തുന്നവരെല്ലാവരും മാസ്ക് ധരിക്കണം തുടങ്ങിയ സാമൂഹിക അകല നിർദേശങ്ങളും ശ്രീലങ്കൻ ആരോഗ്യ മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്.

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ പറകിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. 1060 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 20നാണ് ശ്രീലങ്കയിൽ ദേശവ്യാപക നിയന്ത്രണങ്ങൾ ആരംഭിച്ചത്. മത ചടങ്ങുകൾക്കും കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ശ്രീലങ്കയിൽ വിലക്കുണ്ട്. മരണാനന്തര ചടങ്ങുകൾക്ക് കുടുംബാംഗങ്ങളെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിയന്ത്രണവുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook